കൊല്ലം: പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർഥിനിക്ക് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ. ലഭിക്കേണ്ട ആനുകൂല്യങ്ങൾ അർഹതക്കനുസരിച്ച് വിതരണം ചെയ്യാൻ പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകി. ഐ.ടി.ഐ കോഴ്സ് പാസായിട്ടും സ്റ്റൈപൻഡ് ലഭിച്ചില്ലെന്നാരോപിച്ച് കാവനാട് സ്വദേശിനി എസ്. വിദ്യ സമർപ്പിച്ച പരാതിയിലാണ് നടപടി. ജില്ല പട്ടികജാതി വികസന ഓഫിസറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി.
സ്വകാര്യ സ്ഥാപനത്തിലാണ് പരാതിക്കാരി പഠിച്ചതെന്നും മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നേടുന്നവർക്ക് കേന്ദ്ര സർക്കാർ സ്കോളർഷിപ് അനുവദിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നേടിയതുകൊണ്ടാണ് പരാതിക്കാരിക്ക് ആനുകൂല്യം ലഭിക്കാത്തത്. 2021 ജൂൺ 28ന് പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ് പുറത്തിറക്കിയ 615/2021 നമ്പർ ഉത്തരവ് പ്രകാരം 2021- 22 വർഷം മുതൽ സ്വകാര്യ ഐ.ടി.ഐയിൽ പഠിക്കുന്ന ഓരോ കോഴ്സിന്റെയും പത്തു ശതമാനം പട്ടികജാതി വിദ്യാർഥികൾക്ക് വകുപ്പിൽനിന്ന് സ്റ്റൈപൻഡ് നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2020 - 21 ൽ പ്രവേശനം നേടിയതു കൊണ്ടാണ് പരാതിക്കാരിക്ക് ആനുകൂല്യം ലഭിക്കാത്തതെന്നും റിപ്പോർട്ടിലുണ്ട്. വിദ്യാർഥിനിക്ക് കോഴ്സ് തീരുന്നതുവരെ ഒരു ആനുകൂല്യവും ലഭിച്ചില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. അർഹതക്ക് പകരം സാങ്കേതികതക്ക് പ്രാധാന്യം നൽകിയതുകൊണ്ടാണ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടതെന്ന് കമീഷൻ നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.