കൊല്ലം: തലയിൽ വെക്കാൻ വർണത്തൊപ്പി, കുഞ്ഞിക്കെകൾ നിറയെ മധുരവും സമ്മാനമായി ബലൂണും ബാഗും ബുക്കും... ചുറ്റും ആഘോഷത്തിന്റെ ഉത്സവമേളത്തിനൊപ്പം ചിരിച്ച് സ്വാഗതം ചെയ്യുന്ന മുഖങ്ങൾ, ഒത്തുചേർന്നിരിക്കാൻ പുതിയ കൂട്ടുകാർ. ബാല്യകാലത്തിന്റെ പ്രധാനനാഴികക്കല്ലുകളിൽ ഒന്നായ സ്കൂൾപടവുകളിലേക്ക് മാതാപിതാക്കളുടെ കൈകൾ പിടിച്ചെത്തിയ കുട്ടികുരുന്നുകൾ അധ്യാപകരുടെ സ്നേഹവായ്പിലേക്ക് ചേക്കേറുന്ന സുന്ദരകാഴ്ചയായിരുന്നു സ്കൂളുകളിലെങ്ങും. അങ്ങിങ്ങായി പരിഭവക്കണ്ണീർ കണങ്ങൾ പൊഴിഞ്ഞെങ്കിലും കരുതലിന്റെ കരംനീട്ടി അധ്യാപകർ ആ കണ്ണീർ തുടച്ച്, അറിവിന്റെ പുതിയ ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുകയറ്റി. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി ജില്ലയിലെ 955 സ്കൂളുകളിലും ആഘോഷപൂർവമാണ് അധ്യയനവർഷാരംഭത്തിന് സ്വാഗതമോതി പ്രവേശനോത്സവം നടന്നത്. ജില്ലതലത്തിലും ബ്ലോക്ക്, പഞ്ചായത്ത്, സ്കൂൾ തലങ്ങളിലും പ്രമുഖർ പങ്കെടുത്ത പ്രവേശനോത്സവങ്ങളിൽ കളിയും ചിരിയും നിറച്ച് വി.ഐ.പി താരങ്ങളായി കുട്ടികൾ നിറഞ്ഞുനിന്നു. പ്രവേശനോത്സവത്തിന്റെ ജില്ലതല ഉദ്ഘാടനം ചവറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ നിര്‍വഹിച്ചു.
ജനങ്ങള്‍ പൊതു വിദ്യാലയങ്ങളെ അംഗീകരിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്തെന്നും ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല അധ്യാപകരുടെ മികച്ച പ്രവര്‍ത്തനം കൂടി ചേരുമ്പോഴാണ് മികവിന്റെ വിദ്യാലയങ്ങള്‍ രൂപം കൊള്ളുന്നതെന്നും മികച്ച പൗരന്മാരായി കുട്ടികളെ മാറ്റിയെടുക്കുകയും നാടിന് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ നിന്നുണ്ടാകണമെന്നും എം.എല്‍.എ പറഞ്ഞു. അധ്യാപകനായ കുരീപ്പുഴ ഫ്രാന്‍സിസ് എഴുതി ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിന് പ്ലസ് ടു വിദ്യാര്‍ഥിനി അപൂര്‍വ സുരേഷ് ചുവടുവെച്ചാണ് ചടങ്ങിന് തുടക്കമായത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന് അധ്യക്ഷത വഹിച്ചു. കലക്ടര്‍ അഫ്സാന പര്‍വീണ്‍ പ്രവേശനോത്സവ സന്ദേശം നല്കി. പുസ്തകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസമെന്നും വ്യക്തിത്വ വികസനത്തിന് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരില്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ സി.പി. സുധീഷ് കുമാര്‍, എസ്. സോമന്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷന്‍ ജോസ് വിമല്‍ രാജ്, പഞ്ചായത്ത് അംഗം ലിന്‍സി ലിയോള്‍, ജില്ല പഞ്ചായത്ത് ആരോഗ്യ സമിതി അധ്യക്ഷന്‍ കെ. ഷാജി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ഷാജിമോന്‍, ഡി.പി.സി.എസ് എസ്.എ. സജീവ് തോമസ്, വി.എച്ച്.എസ്.ഇ അസി.ഡയറക്ടര്‍ ഒ.എസ്. ചിത്ര, ചവറ എ.ഇ.ഒ പി. സജി, പി.ടി.എ പ്രസിഡന്റ് ടി. ജയജിത്, എസ്.എം.സി ചെയര്മാന് ശ്രീവല്ലഭന്, പ്രിന്‍സിപ്പൽ പി. അര്‍ച്ചന, പ്രധാനാധ്യാപിക ടി.കെ. അനിത കുമാരി ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.