കൊല്ലം: ജില്ലയിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരവുമായി അതിർത്തി പങ്കിടുന്ന കാപ്പിൽ മുതൽ ആലപ്പുഴയുമായി അതിർത്തി പങ്കിടുന്ന അഴീക്കൽ വരെയാണ് കടൽക്ഷോഭം രൂക്ഷമായത്. കാപ്പിൽ, അഴീക്കൽ, മുണ്ടയ്ക്കൽ, പരവൂർ തെക്കുംഭാഗം, പൊഴിക്കര, മയ്യനാട് താന്നി എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ മുതലാണ് കടലാക്രമണം തുടങ്ങിയത്. ഉച്ചയോടെ ഇത് രൂക്ഷമാകുകയായിരുന്നു. ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറുകയായിരുന്നു. 40 മീറ്ററിന് മുകളിൽ കടൽ എടുത്തു.
കൊല്ലം ബീച്ചിനു സമീപം മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് അഞ്ച് വീടുകൾ തകർന്നു. 20 ഓളം വീടുകൾ തകർച്ച ഭീഷണിയിലാണ്. സെന്റ് ജോർജ് ചാപ്പലിന്റെ ചുറ്റുമതിലും റോഡും തകർന്നു. ഇതോടെ ഇവിടെക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മുണ്ടയ്ക്കൽ ഭാഗത്ത് രണ്ട് അംഗൻവാടികളും തകർന്നു. കടലാക്രമണത്തിൽ മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും നശിച്ചു. വീട് തകർന്നതോടെ തൊട്ടടുത്തുള്ള വീടുകളിലേക്ക് ആളുകൾ അഭയം തേടി. കൈയിൽ കിട്ടിയ സാധനങ്ങൾ റോഡരികിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കരുനാഗപ്പള്ളി ഭാഗത്ത് വെള്ളനാതുരുത്ത്, പണ്ടാരത്തുരുത്ത്, ചെറിയഴീക്കൽ സി.എഫ്.എ ഗ്രൗണ്ട്, ആലപ്പാട് സെന്റർ, ശ്രായിക്കാട്, ഭദ്രൻമുക്ക്, സമിതി മുക്ക്, കഴുകൻ തുരുത്ത് എന്നിവിടങ്ങളിലാണ് കടലാക്രമണം ഉണ്ടായത്. ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയതിനെ തുടർന്ന് ഇവിടെ നിരവധി വീടുകളിൽ വെള്ളം കയറി. തിരമാലകൾക്കൊപ്പം കരയിലേക്ക് അടിച്ചു കയറിയ കരിമണൽ റോഡ് മൂടിയതോടെ ഗതാഗതം തടസ്സപ്പെട്ടു. കടൽതീര സംരക്ഷണ ഭിത്തികൾ തകർന്ന് കിടക്കുന്ന സ്ഥലങ്ങളിലാണ് കടൽ ആക്രമണം രൂക്ഷമായത്. വേലിയേറ്റസമയത്ത് ‘കള്ളക്കടൽ’ എന്ന പ്രതിഭാസം കൂടി ഉണ്ടായതാണ് കടൽ ആക്രമണത്തിന് കാരണമായി വിദഗ്ധർ പറയുന്നത്. കൊല്ലം ബീച്ചിലെത്തിയ സന്ദർശകരെ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് തടഞ്ഞു.
ബീച്ചിലെ കച്ചവടക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മേയർ പ്രസന്ന ഏണസ്റ്റ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണ, കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.