കൊല്ലം: വേനൽ കത്തുമ്പോൾ കിണറുകൾ വറ്റിവരളുന്ന സ്ഥിതി രൂക്ഷമാകവെ ആഴങ്ങളിൽ മരണം അപ്രതീക്ഷിത പിടിമുറുക്കുന്ന സംഭവങ്ങളും പതിവാകുന്നു. ഒരാഴ്ചക്കുള്ളിൽ ജില്ലയിൽ മൂന്ന് പേർക്കാണ് കിണറാഴങ്ങളിൽ ശ്വാസം കിട്ടാതെ ജീവൻ നഷ്ടമായത്.
കടയ്ക്കലിൽ കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ 25കാരൻ മരിച്ചതാണ് ജില്ലയിൽ ഈ മാസം തുടക്കത്തിൽ തന്നെ നടന്ന ആദ്യ കിണർ ദുരന്തം. കുന്നിക്കോട് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ 61കാരനും ശ്വാസംമുട്ടി മരിച്ചു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിൽ കിണറ്റിൽ വീണ വള്ളിപയർ എടുക്കാൻ ഇറങ്ങിയ വയോധികനായ കർഷകനും ജീവശ്വാസം ലഭിക്കാതെ മരിച്ചത്.
കിണറിനുള്ളിൽ വിഷവാതകം ശ്വസിച്ച് തൊഴിലാളികൾ മരിച്ച സംഭവം ഉൾപ്പെടെ കഴിഞ്ഞ വർഷങ്ങളിൽ നിരവധി കിണർ അപകടമരണങ്ങൾക്ക് ജില്ല സാക്ഷ്യംവഹിച്ചിരുന്നു. അപ്പോഴൊക്കെയും നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും ഇപ്പോഴും കിണറുകളിൽ ജീവൻ പൊലിയുന്ന സംഭവങ്ങൾ പതിവാകുകയാണ്.
അപകട സാധ്യത ആലോചിക്കാതെ, മുൻകരുതലില്ലാതെ കിണറുകളിൽ ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് അഗ്നിരക്ഷാസേന അധികൃതർ ഉൾപ്പെടെ പറയുന്നു. കിണറിനുള്ളിൽ ഓക്സിജൻ സാന്നിധ്യം കുറയുന്നതാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്.
ഇതുകൂടാതെയാണ് വിഷവാതകങ്ങളായ കാർബൺ മോണോക്സൈഡ്, കാർബൺഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈറ്റ്, മീഥൈൻ എന്നിവയുടെ സാന്നിധ്യവും അപകടത്തിലേക്ക് നയിക്കുന്നു. കിണറ്റിൽ ഇറങ്ങുന്നതിന് മുമ്പ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കണം എന്നതുൾപ്പെടെ നിർദേശങ്ങൾ പാലിക്കപ്പെടുന്നതേയില്ല.
മോട്ടോർ ഘടിപ്പിച്ച, വായുസഞ്ചാരം ഇല്ലാത്ത കിണറുകളിൽ ഇറങ്ങുന്നതിന് മുമ്പ് ഓക്സിജൻ സാന്നിധ്യം ഉറപ്പാക്കണമെന്ന പ്രാഥമിക പാഠം ഓർത്താൽ തന്നെ മതിയാകും അപ്രതീക്ഷിത ദുരന്തത്തിൽ നിന്ന് രക്ഷനേടാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.