കൊല്ലം: ട്രോളിങ് നിരോധനം അവസാനിച്ചതോടെ മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് ലഭിച്ചത് കരിക്കാടിയും പൂവാലൻ കൊഞ്ചും. 52 ദിവസത്തെ ട്രോളിങ് നിരോധനം അവസാനിച്ചതോടെ ഞായറാഴ്ച പുലർച്ചെ പോയ ചെറു ബോട്ടുകളാണ് മീനുമായി തിരികെയെത്തിയത്. വലിയ ബോട്ടുകൾ തിങ്കളാഴ്ച രാവിലെ മുതൽ എത്തിത്തുടങ്ങും.
ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായതിനാൽ കച്ചവടം ഉണ്ടായിരുന്നില്ല. ബോട്ടുകളിൽ തന്നെ ഐസിട്ട് സൂക്ഷിച്ചിരിക്കുന്ന ചെമ്മീൻ ഇനങ്ങൾ തിങ്കളാഴ്ച പുലർച്ചെ നാല് മുതൽ വിൽക്കും.
ഞായറാഴ്ച ആയതിനാൽ ബോട്ടുകൾക്ക് ഹാർബറിൽ അടുക്കാൻ ഒറ്റ, ഇരട്ട നിയന്ത്രണം ഉണ്ടായിരുന്നില്ല. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്കത്തിലും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തിലും അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുകളിലുമുള്ള ബോട്ടുകളേ കടലിൽ പോകാൻ അനുവദിക്കുള്ളൂ. 120 എച്ച്.പിയിൽ കൂടുതൽ ശേഷിയുള്ള ബോട്ടുകൾക്കാണ് നിയന്ത്രണം. ജില്ലയിൽ അഴീക്കൽ ശക്തികുളങ്ങര ഹാർബറുകളിലായി ആയിരത്തോളം ബോട്ടുകളാണ് ആകെയുള്ളത്. ഇതിൽ എഴുനൂറോളം ബോട്ടുകൾ ഞായറാഴ്ച കടലിൽ പോയി.
ശക്തികുളങ്ങര ഹാർബറിൽ ലേലം ഉണ്ടാകില്ല. മത്സ്യ വിൽപനക്കായി 14 കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനൊപ്പം കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരെ മാത്രമേ ഹാർബറിൽ പ്രവേശിപ്പിക്കൂ. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻറ് ബോട്ടുകൾക്കുള്ളിലും പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.