കല്ലുവാതുക്കൽ: പഞ്ചായത്ത് ഓഫിസിൽ ഫ്രണ്ട് ഓഫിസ് ജീവനക്കാരിക്ക് പാമ്പു കടിയേറ്റു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉടൻ എത്തിച്ചതിനാൽ അപകടനില തരണം ചെയ്തു. വേളമാനൂർ സ്വദേശിനി സുധക്കാണ് പാമ്പ് കടിയേറ്റത്.
കഴിഞ്ഞ ദിവസം രാവിലെ 9.45 ഓടെയായിരുന്നു സംഭവം. രാവിലെ ഫ്രണ്ട് ഓഫിസിലെ കമ്പ്യൂട്ടർ ഓൺ ചെയ്യവേ, കമ്പ്യൂട്ടറിനടിയിൽ ഇരുന്ന പാമ്പ് സുധയുടെ ഇടതുകൈയിൽ കടിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ ഉടൻ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
ഓഫിസിലെ പരിശോധനയിൽ കമ്പ്യൂട്ടറിനടിയിൽ നിന്ന് മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി. ഇതിനെ കല്ലുവാതുക്കൽ സ്വദേശിയായ ഒരാൾ പിടികൂടി ആശുപത്രിയിൽ എത്തിച്ചതിനാൽ ചികിത്സ എളുപ്പമായി.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഓട കുഴിച്ചപ്പോൾ പാമ്പിനെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തിരുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫിസിന്റെ പരിസരത്തു നിന്ന് നിരവധി തവണ പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ നില തൃപ്തികരമായതിനാൽ സുധയെ ഡിസ്ചാർജ് ചെയ്തതായി വൈസ് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.