കൊല്ലം: ശ്രീനാരായണ ഗുരുജയന്തിയോടനുബന്ധിച്ച് നഗരത്തെ പീതസാഗരമാക്കി ചതയദിന ഘോഷയാത്ര. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ നടന്ന 169ാമത് ജയന്തി ഘോഷയാത്രയും സമ്മേളനവും ഗുരു വിഭാവനം ചെയ്ത മതാതീത ആത്മീയ സന്ദേശം വിളിച്ചോതുന്നതായി.
ചാതുർവർണ്യത്തിന്റെ പിടിയിൽനിന്ന് ഒരുജനവിഭാഗത്തെ അറിവിന്റെയും ഉണർവിന്റെയും പ്രകാശത്തിലേക്ക് നയിച്ച ഗുരുവിന്റെ സ്മരണകളുമായി ആയിരക്കണക്കിന് ശ്രീനാരായണീയർ ജയന്തി ആഘോഷത്തിൽ ഒത്തുചേർന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമായ കൊല്ലത്ത് സംഘടനാ ശക്തിയും കെട്ടുറപ്പും പ്രകടമാക്കുന്നതായിരുന്നു ചതയദിന ഘോഷയാത്ര.
സിംസ് അങ്കണത്തിലെ ആർ. ശങ്കർ സ്മൃതിമണ്ഡപത്തിൽനിന്നാരംഭിച്ച വർണാഭ ഘോഷയാത്രയിൽ 77 ശാഖകളിൽനിന്നുള്ള സ്ത്രീകളടക്കം ആവേശപൂർവം അണിനിരന്നു. ‘ഒരു ജാതി ഒരു മതം ഒരുദൈവം മനുഷ്യന്’ എന്ന സന്ദേശം പ്രതിഫലിപ്പിച്ച ഫ്ലോട്ടുകൾ മുഖ്യആകർഷണമായി.
വനിതകളടക്കം അണിനിരന്ന ചെണ്ടമേളവും മതമൈത്രി വിളിച്ചോതുന്ന വിവിധ ദൃശ്യങ്ങളും ഘോഷയാത്രയുടെ മാറ്റുകൂട്ടി. അലങ്കരിച്ച വാഹനങ്ങൾ, രഥങ്ങൾ, തെയ്യം, നൃത്തനൃത്യങ്ങൾ എന്നിവയും ആഘോഷത്തിന് പൊലിമ നൽകി. എസ്.എൻ. ട്രസ്റ്റ് മെഡിക്കൽ മിഷൻ, എസ്.എൻ കോളജ്, എൻ.എൻ വനിത കോളജ്, എസ്.എൻ പബ്ലിക് സ്കൂൾ, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, നഴ്സിങ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള ജീവനക്കാർ, വിദ്യാർഥികൾ എന്നിവരും ഘോഷയാത്രയിൽ പങ്കാളികളായി.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂനിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ചിന്നക്കട, ഓവർ ബ്രിഡ്ജ്, റെയിൽവേ സ്റ്റേഷൻ, കോർപറേഷൻ ഓഫിസ്, പൊലീസ് ക്യാമ്പ്, കന്റോൺമെന്റ് മൈതാനം വഴി സമ്മേളന വേദിയായ എസ്.എൻ കോളജിൽ ഘോഷയാത്ര സമാപിച്ചു.
ചതയദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ കൊല്ലം ശ്രീനാരായണ കോളജിൽ കൊല്ലം യൂനിയൻ പ്രസിഡന്റ് മോഹൻ ശങ്കർ പതാക ഉയർത്തി. ഗുരു ജയന്തി ദിനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ആഘോഷങ്ങൾ നടന്നു. ഗുരു ക്ഷേത്രങ്ങളിലും ശ്രീനാരായണ സ്ഥാപനങ്ങളും ദീപാലങ്കാരങ്ങൾ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.