കൊല്ലം: തനത് ഫണ്ടിൽ ‘ദാരിദ്രം’ അനുഭവിക്കുമ്പോഴും കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയിനത്തിൽ ‘സമ്പന്നമായി’ കൊല്ലം കോർപറേഷൻ. ജില്ലയുടെ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷൻ മുതൽ നഗരത്തിലെ വൻകിട-ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ വരെയായി കോർപറേഷന് കെട്ടിട നികുതിയടക്കാതെ പൂഴ്ത്തിയിരിക്കുന്നത് 5.7 കോടിയിലധികം രൂപ. ആകെ 5,71,72,980 രൂപ. ലക്ഷത്തിന് മുകളിലുള്ള കുടിശ്ശികയുടെ മാത്രം കണക്കാണിത്. ഇത്തരത്തിൽ അഞ്ച് ലക്ഷത്തിന് മുകളിൽ കുടിശ്ശികയുള്ള 41 ‘വമ്പൻ’മാരാണ് നഗരത്തിലുള്ളത്. 2007-08 കാലഘട്ടം മുതലുള്ള കുടിശ്ശിക വരെ കൂട്ടത്തിലുണ്ട്. കെട്ടിട നികുതി, വിനോദനികുതി, തൊഴിൽനികുതി, വാടക എന്നിങ്ങനെ വിവിധയിനങ്ങളിലായി കോടികളാണ് കോർപറേഷന് കിട്ടാതെ കിടക്കുന്നത്. വിവിധ പദ്ധതികൾക്കും പെൻഷൻ നൽകുന്നതിനും ഉൾപ്പെടെ തനത് ഫണ്ട് എടുത്ത് ഉപയോഗിക്കാൻ പണത്തിന് ബുദ്ധിമുട്ട് നേരിടുന്ന കോർപറേഷനിൽ ആണ് ഈ സ്ഥിതി.
കൊല്ലം കലക്ടർ പോലും 64 ലക്ഷത്തിലധികം രൂപയാണ് കോർപറേഷന് ‘നൽകാനുള്ളത്’. സിവിൽസ്റ്റേഷനിലെ കെട്ടിടങ്ങളുടെ നികുതികുടിശ്ശികയായ 64,50,603 രൂപയാണ് 2020-21 കാലഘട്ടം മുതൽ കലക്ടറുടെ പേരിൽ കിട്ടാനുള്ളതായി കോർപറേഷൻ കണക്കിലുള്ളത്. അതായത് കോവിഡ് കാലത്തിന് ശേഷം നികുതിയടക്കാൻ ഒരു നീക്കവുമുണ്ടായിട്ടില്ല. കലക്ടറുടെ വാഹനമെങ്കിലും ജപ്തി ചെയ്യേണ്ടിവരുമെന്ന് ആഴ്ചകൾക്ക് മുമ്പ് കൗൺസിൽ യോഗത്തിൽ ധനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കൂടിയായ ഡെപ്യൂട്ടി മേയർ കൊല്ലം മധു പറയുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴും ആ കുടിശ്ശിക മാറ്റമില്ലാതെ തുടരുകയാണ് എന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്.
അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി, ജലഅതോറിറ്റി, പി.ഡബ്ല്യു.ഡി, ബി.എസ്.എൻ.എൽ, കേന്ദ്രസർക്കാർ സ്ഥാപനം വരെയായി സർക്കാർ സ്ഥാപനങ്ങൾ കോർപറേഷന് നികുതി നൽകുന്ന കാര്യത്തിൽ വൻ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. നഗരത്തിലെ പൊതുടാപ്പുകളുടെ വാടകയിനത്തിൽ കോർപറേഷനിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയെടുക്കുന്ന ജലഅതോറിറ്റി 2016-17 മുതൽ 33,34,440 രൂപയാണ് നികുതിയായി അടക്കാനുള്ളത്. സി.ഐ.ടി.യു ഭവന്റെ സെക്രട്ടറിയും നൽകാനുണ്ട് 7,30,378 രൂപ. നികുതി കുടിശ്ശികയുടെ പേരിൽ കോർപറേഷനെ കോടതി കയറ്റിയ മൂന്ന് കൂട്ടരുമുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളും കുടിശ്ശികയിൽ പിന്നിലല്ല, മെയിൻ റോഡിലെ പ്രധാന വസ്ത്രശാലയുടെ പേരിൽ 2017-18 രണ്ടാംപാദം മുതലുള്ളത് 31,37, 915 രൂപയാണ്. താമരക്കുളത്തെ മൂന്ന് വ്യക്തികൾ മാത്രംവിവിധ കെട്ടിടങ്ങൾക്കായി 1,44,65,431 രൂപ നൽകണം. തേവള്ളിയിൽ ‘പ്രമുഖരുടെ’ ഒത്തുചേരൽ കേന്ദ്രമായ ക്ലബ് 2019-20 രണ്ടാംപാദം മുതൽ നൽകാനുള്ളത് 69,93,226 രൂപയാണ്.
ഇതിന്റെ കേസ് ഇപ്പോൾ കോടതിയിലും. നിർധനരുടെ ‘ആയിരങ്ങൾ’ പിടിച്ചെടുക്കാൻ വർഷാവർഷം നികുതി പിരിക്കൽ ക്യാമ്പ് നടത്തുന്ന കോർപറേഷനിലാണ് വമ്പൻ കുടിശിക കിട്ടാക്കടമായി കുമിഞ്ഞുകൂടുന്നത്. കർശന നടപടി എന്ന് മേയർ പ്രസന്ന ഏണസ്റ്റ് ഉൾപ്പെടെ പറയുമ്പോഴും ഈ കുടിശിക കണക്ക് യാഥാർഥ്യമായി തുടരുകയാണ്.
നികുതി കുടിശ്ശികയുടെ പേരിൽ ആഴ്ചകൾക്ക് മുമ്പ് കോർപറേഷൻ ഉദ്യോഗസ്ഥർ പൂട്ടുകയും പിന്നാലെ മേയർ തുറക്കാൻ അനുമതി നൽകുകയും ചെയ്ത സിനിമ തിയറ്ററിന് വീണ്ടും പൂട്ട്. വിനോദ നികുതിയിൽ 33 ലക്ഷത്തിന്റെ കുടിശ്ശികയുടെ പേരിൽ ആയിരുന്നു ഒരു മാസം മുമ്പ് ധനകാര്യ സ്ഥിരംസമിതിയുടെ തീരുമാനപ്രകാരം ഉദ്യോഗസ്ഥർ തിയറ്റർ പൂട്ടിയത്. തുടർന്ന് മേയർ തുറക്കാൻ നിർദേശിച്ചതോടെ ഉദ്യോഗസ്ഥർ തുറന്നുനൽകി. 12 ലക്ഷം രൂപ വരെ അടച്ചതായും ബാക്കി തുക ഘട്ടംഘട്ടമായി അടക്കുന്നതിന് ചെക്ക് നൽകിയതായും പിന്നീട് നടന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ചയായപ്പോൾ മേയർ അറിയിച്ചിരുന്നു. ഉടമയുടെ അസുഖം കാരണമായി കാണിച്ച് അപേക്ഷ നൽകിയത് കൊണ്ടാണ് തുറക്കാൻ മാനുഷിക പരിഗണനയിൽ അനുമതി നൽകിയത് എന്നായിരുന്നു വിശദീകരണം. എന്നാൽ, കോർപറേഷനിൽ സമർപ്പിച്ച ചെക്ക് മൂന്ന് മാസം മുമ്പത്തെ തീയതി രേഖപ്പെടുത്തിയതായിരുന്നു. ഇത് സെക്രട്ടറിയുടെ പരിശോധനയിൽ വ്യക്തമായതോടെ ചെക്ക് തിരികെ നൽകി. പുതിയത് നൽകിയെങ്കിലും സ്വീകരിച്ചില്ല. തുടർന്ന് നാല് ലക്ഷം കൂടി ഇവർ അടച്ചു. പിന്നാലെയാണ് വീണ്ടും പൂട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.