കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പള്ളിമൺ ചരുവിളവീട്ടിൽ ആദർശിനെ (24) കൊലപ്പെടുത്തിയ കേസിൽ പള്ളിമൺ തെക്കേച്ചേരി സ്വദേശി രാമൻ എന്ന ചിന്തുവിനെയാണ് കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി സുഭാഷ് കുറ്റക്കാരനാണെന്ന് വിധിച്ചത്. രണ്ടും മൂന്നും പ്രതികളെ സംശയത്തിന്റെ അനുകൂല്യത്തിൽ വെറുതെവിട്ടു. ശിക്ഷ ശനിയാഴ്ച വിധിക്കും.
2019 നവംബർ 16നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ബന്ധുവായ പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിൽനിന്ന് പിന്മാറണമെന്നുള്ള നിരന്തരമായ നിർദേശവും ഭീഷണിയും അവഗണിച്ച ആദർശിനെ പള്ളിമൺ തെക്കേച്ചേരിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കവേയാണ് ചിന്തു ആക്രമിച്ചത്. കത്തി കൊണ്ടുള്ള കുത്തിൽ കഴുത്തിൽ ഗുരുതര പരിക്കേറ്റ ആദർശ് അന്നേദിവസം രാത്രി 11ഓടെ ആശുപത്രിയിൽ മരിച്ചു. കണ്ണനല്ലൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കണ്ണനല്ലൂർ എസ്.എച്ച്.ഒ ആയിരുന്ന യു.പി. വിപിൻകുമാർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 16 സാക്ഷികളെയും 39 തെളിവുകളും കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. മഹേന്ദ്ര ഹാജരായി. സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജു പ്രോസിക്യൂഷൻ സഹായിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.