കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ ആസ്ഥാനമായ മുനിസിപ്പൽ ടവർ പ്രവർത്തനോദ്ഘാടനം വ്യാഴാഴ്ച നടക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലെ മുനിസിപ്പൽ കെട്ടിടം പൊളിച്ചുമാറ്റുന്നതോടെയാണ് അത്യാധുനിക സംവിധാനങ്ങളുള്ള വിപുലമായ കെട്ടിട സമുച്ചയത്തിലേക്ക് പ്രവർത്തനം മാറുന്നത്. പടനായർകുളങ്ങര ക്ഷേത്രത്തിനു സമീപം മാർക്കറ്റ് റോഡിൽ നാലു നിലകളിലായി 30,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ഒമ്പത് കോടിയോളം രൂപ ചെലവഴിച്ചാണ് ടവർ പൂർത്തിയാക്കിയത്.
മുൻ ഭരണസമിതിയുടെ കാലത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് മുൻസിപ്പൽ ടവർ നിർമിച്ചത്. പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ച് സെമിനാർ, സാംസ്കാരിക സന്ധ്യ, തിരുവാതിര മത്സരം, ചിത്രപ്രദർശനം, സാംസ്കാരിക ഘോഷയാത്ര, കലാപരിപാടികൾ എന്നിവ നടക്കും. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി വ്യാഴാഴ്ച രാവിലെ 10ന് മന്ത്രി എം.ബി രാജേഷ് മുനിസിപ്പൽ ടവറിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയാവും.
ആറിന് തൃശൂർ എയ്ഞ്ചൽ വോയിസ് അവതരിപ്പിക്കുന്ന ഗാനമേള. ഉദ്ഘാടനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകിട്ട് മൂന്നിന് തിരുവാതിര മത്സരം. തുടർന്ന് സാംസ്കാരിക സമ്മേളനം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ഡോ. വള്ളിക്കാവ് മോഹൻദാസ് അധ്യക്ഷത വഹിക്കും. മുൻ ജനപ്രതിനിധികളെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ ഗോപൻ ആദരിക്കും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തും.
റഫീഖ് അഹമ്മദ്, ചലച്ചിത്ര സംവിധായകൻ തുളസീദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പുതിയ മുനിസിപ്പൽ ടവർ യാഥാർഥ്യമാകുന്നതോടെ ആധുനിക സംവിധാനങ്ങളോടെ സുതാര്യമായും വേഗത്തിലും പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്നും ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ എം. ശോഭന, ഡോ. പി. മീന, എൽ. ശ്രീലത, ഇന്ദുലേഖ, പടിപ്പുര ലത്തീഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.