സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയുമ്പോൾ രുചിയിടത്തിലെ വാർപ്പിന്റെ അടുപ്പിലും തിരിതെളിഞ്ഞു. സ്കൂൾ ഊട്ടുപുരയുടെ അമരക്കാരൻ മോഹനൻ നമ്പൂതിരി ആണെന്ന് വിളിച്ചുപറഞ്ഞില്ലെങ്കിലും മലയാളിക്ക് ഇതറിയാം. പഴയിടം എന്നത് വീട്ടുപേരല്ല, നാവിൽ വെള്ളമൂറുന്ന രുചിയുടെ പേരാണെന്ന്.
തർക്കത്തെ തുടർന്ന് കലോത്സവത്തിൽനിന്ന് പിന്മാറാൻ പഴയിടം തീരുമാനിച്ചുരുന്നെങ്കിലും കലോത്സവത്തിൽനിന്ന് വിട്ടുനിൽക്കാൻ മനസ്സ് സമ്മതിച്ചില്ലെന്നുമാത്രം. കലോത്സവ വേദികളിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയാൻ സാധിക്കില്ലെന്നും ഇതൊരു തുടക്കമായി കണ്ടോളൂവെന്നും അദ്ദേഹം പറയുന്നു.
കലോത്സവ വേദിയിൽനിന്നുതന്നെ പുറത്തുവന്ന ‘പാചക കലാപ്രതിഭ’യാകാം പഴയിടം. പഴയിടത്തിന്റെ ട്രേഡ്മാർക്കായ വിഭവസമൃദ്ധമായ സദ്യതന്നെയാണ് ഹൈലൈറ്റ്. രുചിയിടത്തിൽ വ്യത്യസ്തത എന്നും നിലനിർത്തിപ്പോരുകയാണ് പഴയിടം.
കലോത്സവ വേദികളിലെ സ്വർണക്കപ്പുപോലെ പ്രാധാന്യം പഴയിടത്തിന്റെ രുചിക്കൂട്ടും നേടിക്കഴിഞ്ഞു. ഭക്ഷണകമ്മിറ്റിയുടെ പ്രവർത്തനങ്ങളെല്ലാംതന്നെ പൂർത്തിയായിക്കഴിഞ്ഞു. ബുധനാഴ്ച രാവിലെ 11.30ഓടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പാലുകാച്ചി ഭക്ഷണപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു. വാഴയിലയിലാണ് എല്ലാദിവസവും ഭക്ഷണം വിളമ്പുക. ഭക്ഷണത്തിന്റെ എല്ലാ വേസ്റ്റും സംസ്കരിക്കാനുള്ള ഇടങ്ങളും തയാറായിക്കഴിഞ്ഞു. വ്യാഴാഴ്ച മുതൽ ഓരോ ജില്ലയുടെയും കൺവീനർമാർക്ക് ഭക്ഷണപാസുകൾ വിതരണം ചെയ്യും. രസവതി എന്ന പഴയിടത്തിന്റെ രുചിയിടത്തിൽ കൊല്ലം ജില്ലയുടെ ചരിത്രപ്രധാനയിടങ്ങളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും പേരുകൾ ഭക്ഷണപ്പന്തികൾക്ക് നൽകിക്കഴിഞ്ഞു. അച്ചൻകോവിലിൽ തുടങ്ങി റോസ് മലയിൽ അവസാനിക്കുന്ന രീതിയിലാണ് പേര് നൽകിയിരിക്കുന്നത്. ബുധനാഴ്ച രാത്രിയിൽ 1500 ഓളം പേർക്ക് ഭക്ഷണം ഒരുങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.