കൊല്ലം: നഗരമധ്യത്തിൽ കല്ലുപാലത്തിന് സമീപം കട തീപിടിച്ച് നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. എൽ.ഇ.ഡി, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉൽപന്നങ്ങൾ സർവിസ് ചെയ്യുന്ന ആൽഗ സിസ്റ്റംസ് എന്ന കടയിലാണ് ഞായറാഴ്ച ഉച്ചക്ക് 1.45ഓടെ തീപിടിത്തമുണ്ടായത്. ഉടമ ജയശങ്കർ ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയിരിക്കുകയായിരുന്നു.
തീയും പുകയും കണ്ട് നാട്ടുകാർ സമീപത്തെ ചാമക്കട അഗ്നിരക്ഷാനിലത്തിലേക്ക് ഓടിയെത്തി വിവരം പറയുകയായിരുന്നു. ചാമക്കടയിൽനിന്ന് ഒരു യൂനിറ്റ് പോകുകയും വിവരമറിയിച്ചതിനെത്തുടർന്ന് കടപ്പാക്കടയിൽ നിന്ന് രണ്ട് യൂനിറ്റും സ്ഥലെത്തത്തുകയും ചെയ്തു.
ഇവർ എത്തുമ്പോഴേക്കും പ്ലാസ്റ്റിക് സാധനങ്ങളിലേക്ക് പടർന്ന തീ അതിവേഗം കട മുഴുവൻ വ്യാപിച്ചിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ അഗ്നിരക്ഷാസേന അടുത്ത കടകളിലേക്ക് തീപടരാതെ തടഞ്ഞു. ചാമക്കടയിലെയും കടപ്പാക്കടയിലെയും ഓരോ യൂനിറ്റ് രക്ഷാപ്രവർത്തനം നടത്തി 20 മിനിറ്റുകൊണ്ടാണ് തീ പൂർണമായും അണച്ചത്.
അപ്പോഴേക്കും കട പൂർണമായും നശിച്ചു. ഉച്ചസമയമായതിനാൽ ആളുകളുടെ ശ്രദ്ധയിൽപെട്ടതാണ് മറ്റ് കടകളിലേക്ക് പടർന്ന് വലിയ ദുരന്തമാകാതെ തടഞ്ഞത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻഷുറൻസ് പരിരക്ഷയില്ലായിരുന്ന കടയിലെ ഇലക്ട്രിക് സാധനങ്ങൾ മുഴുവൻ നശിച്ചു.
അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ വ്യക്തമാക്കി. ചാമക്കട അഗ്നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയകുമാറിന്റെ നേതൃത്വത്തിൽ ഇരുനിലയങ്ങളിലെയും 16 സേനാംഗങ്ങൾ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.