കുളത്തൂപ്പുഴ: ഞായറാഴ്ച വൈകീട്ട് മുതൽ കുളത്തൂപ്പുഴ മേഖലയിൽ നിർത്താതെ ചെയ്ത കനത്ത മഴയെ തുടർന്ന് കുഞ്ഞുമാൻതോട് കരകവിഞ്ഞ് അമ്പതേക്കർ പ്രദേശത്തേക്കുള്ള പാലം മുങ്ങി. വൈകുന്നേരം മുതൽ കുഞ്ഞുമാൻതോട്ടിൽ നീരൊഴുക്ക് വർധിച്ചിരുന്നു.
രാത്രി 8.30 ഓടെ മഴവെള്ളം കരകവിഞ്ഞ് പാലം പൂർണമായി വെള്ളത്തിനടിയിലായി. ഇതോടെ വില്ലുമല, പെരുവഴിക്കാല, രണ്ടാം മൈൽ തുടങ്ങി ആദിവാസി കോളനികളിലേക്കുള്ള പാത പൂർണമായും തടസ്സപ്പെട്ടു. പുറമെ ജോലിക്ക് പോയി മടങ്ങിയ നിരവധി പേരും വാഹനങ്ങളും പാലം കടക്കാനാവാതെ അക്കരെ കുടുങ്ങി. വില്ലുമല ശിവക്ഷേത്രത്തിനുള്ളിൽ വെള്ളം കയറി.
അമ്പതേക്കറിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് വെള്ളമെത്തിയതോടെ വാർഡ് മെംബറുടെ സഹായത്തോടെ ഹോസ്റ്റൽ അന്തേവാസികളായ വിദ്യാർഥിനികളെ സമീപത്തെ സ്കൂളിലേക്ക് മാറ്റി. താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന നാല് കുടുബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മഴ കൂടാതെ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതാകാം പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.