ശാസ്താംകോട്ട: മൈനാഗപ്പള്ളി റെയിൽവേ ഗേറ്റിൽകൂടി യാത്രചെയ്യണമെങ്കിൽ ജീവൻ പണയപ്പെടുത്തണം; പ്രത്യേകിച്ചും ഇരുചക്രവാഹന യാത്രക്കാർ.
പാത നവീകരണത്തിന്റെ ഭാഗമായി വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന സിമന്റ് കട്ടകൾ ഇളക്കി മാറ്റുകയും പാതനവീകരണം കഴിഞ്ഞശേഷം ഇവ വേണ്ട വിധം പുനഃസ്ഥാപിക്കാതിരുന്നതും ഇവക്കിടയിൽ ടാർ മിശ്രിതം ഇട്ട് ഉറപ്പിക്കാത്തതുമാണ് അപകടകാരണം. ഇവക്കിടയിലൂടെ വാഹനം ഓടിച്ചുപോകുന്നത് ശ്രമകരമാണ്. ഒപ്പം റെയിൽപാളവും ഉയർന്നുനിൽക്കുകയാണ്. ഇരുചക്രവാഹന യാത്രികർ മറിഞ്ഞുവീഴുന്നത് നിത്യസംഭവമാണ്. എതിരെവരുന്ന വാഹനത്തിന്റെ അടിയിൽപ്പെടാതെ തലനാരിഴക്കാണ് പലരും രക്ഷപ്പെടുന്നത്. കരുനാഗപ്പള്ളി-ശാസ്താംകോട്ട പ്രധാനപാതയിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് ഒട്ടുമിക്ക സമയങ്ങളിലും ട്രെയിൻ കടന്നുപോകുന്നതിന് വേണ്ടി അടച്ചിട്ടിരിക്കും. ഗേറ്റ് തുറക്കുമ്പോൾ കടന്നുപോകാൻ വാഹനങ്ങളുടെ തിക്കുംതിരക്കുമാണ്. ഇതിനോടൊപ്പം ഇവിടെ തകർന്നുകിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. അടിയന്തരമായി ഇതിന് പരിഹാരം ഉണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.