ട്രോളിങ് നിരോധനം ഒമ്പതു മുതല്‍; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊല്ലം: ട്രോളിങ് നിരോധനം ഒമ്പത് അർധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം നടപ്പാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി യൂനിയന്‍ നേതാക്കള്‍, ഹാര്‍ബര്‍ മാനേജ്‌മെൻറ്​ സമിതി അംഗങ്ങള്‍ തുടങ്ങിയവരുമായി ഓണ്‍ലൈന്‍ യോഗം നടത്തി. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നടപ്പാക്കുന്ന ട്രോളിങ് നിരോധനത്തോട് മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യർഥിച്ചു.

നിരോധനം സംബന്ധിച്ച അറിയിപ്പുകള്‍ തീരത്തും കടലിലും നല്‍കും. നിരോധനം ആരംഭിക്കുന്നതിനുമുമ്പ് ട്രോളിങ് ബോട്ടുകള്‍ എല്ലാം നീണ്ടകര പാലത്തി​െൻറ കിഴക്ക് വശത്തേക്ക് മാറ്റി പാലത്തി​െൻറ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിട്ട് ബന്ധിപ്പിക്കും. തീരദേശത്തെ എല്ലാ ഡീസല്‍ ബങ്കുകളും നിരോധന വേളയില്‍ അടച്ചിടും.

നിരോധനം ബാധകമല്ലാത്ത ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍, മറ്റു ചെറിയ യാനങ്ങള്‍ തുടങ്ങിയവക്ക്​ മത്സ്യബന്ധനത്തിന് പോകുന്നതിന് ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും മത്സ്യഫെഡ് ബങ്കുകളും അഴീക്കല്‍ ഭാഗത്ത് മുന്‍വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ബങ്കുകളും പ്രവര്‍ത്തിക്കും. വള്ളങ്ങളുടെ മത്സ്യം വില്‍ക്കുന്നതിന് നീണ്ടകര ഹാര്‍ബര്‍ തുറക്കും.

ട്രോളിങ് നിരോധനത്തിന് മുമ്പ് കടലില്‍ പോകുന്ന ബോട്ടുകളില്‍ 48 മണിക്കൂറിനുള്ളില്‍ തിരിച്ചുവരുന്നവക്ക്​ ശക്തികുളങ്ങര ഹാര്‍ബറില്‍ മത്സ്യം ഇറക്കി വിപണനം നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും കലക്ടര്‍ പറഞ്ഞു. മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി നീണ്ടകരയിലും അഴീക്കലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കടല്‍ സുരക്ഷാ സ്‌ക്വാഡി​െൻറയും മറൈന്‍ പൊലീസി​െൻറയും സേവനം 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ട്. കോസ്​റ്റല്‍ പൊലീസി​െൻറ സ്പീഡ് ബോട്ടും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇതരസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തീരം വിട്ട് പോകണം. ട്രോളിങ് നിരോധന കാലയളവില്‍ യന്ത്രവത്​കൃത യാനങ്ങളില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും പീലിങ്​ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കും. ഇതിനുള്ള അപേക്ഷ കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലും മത്സ്യഭവനുകളിലും ലഭിക്കും.

സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍, ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, അസി. കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, പൊലീസ്​ മറൈന്‍ എന്‍ഫോഴ്‌സ്‌മെൻറ്​ ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി യൂനിയൻ ഹാര്‍ബര്‍ മാനേജ്‌മെൻറ്​ സമിതി അംഗങ്ങള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Trolling ban; Preparations are complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.