കൊല്ലം: ഇരുചക്ര വാഹന മോഷ്ടാവ് പൊലീസ് പിടിയിലായി. ദക്ഷിണ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് മോട്ടോർ സൈക്കിളുകൾ മോഷ്ടിക്കുന്നയാളെ പൊലീസ് പിടികൂടി.
കടയ്ക്കൽ അയിരക്കുഴി പൊങ്ങലുകാട് കിഴക്കുംകരപുത്തൻ വീട്ടിൽ കെ. റാഫി (38) ആണ് പിടിയിലായത്. മോഷണക്കേസുകളിൽ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ച ഇയാളെ സംബന്ധിച്ച് ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്.
കിളികൊല്ലൂർ മൂന്നാംകുറ്റിയിൽ മോഷണ ശ്രമത്തിനിടെ പിടികൂടുകയായിരുന്നു. കിളികൊല്ലൂർ പൊലീസിന്റെ സഹായത്തോടെ കൊട്ടിയം പൊലീസും ജില്ല പൊലീസ് മേധാവിയുടെ സഗോക്ക് ടീമും (എസ്.എ.ജി.ഒ.സി) ചേർന്നാണ് പിടികൂടിയത്. ഓച്ചിറ, പരവൂർ, കൊട്ടിയം, പാരിപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങിളിൽനിന്ന് മോഷണം പോയ ഇരുചക്ര വാഹനങ്ങൾ ഇയാളിൽനിന്ന് കണ്ടെത്തി. താക്കോൽ ബൈക്കിൽ നിർത്തി കടയുടെ മുന്നിലും മറ്റും പാർക്ക് ചെയ്യുന്നവയാണ് ഇയാൾ മോഷ്ടിക്കുന്നത്. ബൈക്കിലെ ഡാഷ് ബോർഡ് പരിശോധിച്ച ശേഷം എണ്ണ തീരുന്ന മുറയ്ക്ക് എത്തിച്ചേരുന്ന സ്ഥലത്ത് ഉപേക്ഷിച്ച് പോകുകയാണ് പതിവ്.
ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിവിധ സ്ഥലങ്ങളിൽനിന്ന് മോഷണം പോയ ബൈക്കുകൾ ലഭിച്ചത്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദ്, എസ്.ഐമാരായ സുരേഷ് കുമാർ, കൊട്ടിയം സബ് ഇൻസ്പെക്ടർമാരായ ഷിഹാസ്, റഹിം, ജോയി, അഷ്ടമൻ, മധുസൂദനൻപിള്ള, എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒ സീനു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.