കൊല്ലം: വേനലധിക്കാലത്തിന് വിടപറഞ്ഞ് പഠനത്തിന്റെ പുത്തൻ വർഷത്തിലേക്ക് കുട്ടികൾ എത്തുന്നതിന്റെ ആഹ്ലാദത്തിൽ വിദ്യാലയങ്ങൾ. പ്രവേശനോത്സവത്തിൽ മധുരം വിളമ്പിയും സമ്മാനങ്ങൾ കാത്തുവച്ചും സ്കൂൾ മുറ്റങ്ങൾ കുരുന്നുകൾക്ക് സ്വാഗതമോതും.
കഴിഞ്ഞദിവസം വരെയുള്ള അനൗദ്യോഗിക കണക്ക് പ്രകാരം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ എൽ.പി വിഭാഗത്തിൽ 7200 കുട്ടികളാണ് പുതുതായി പ്രവേശനം നേടിയത്. യു.പി വിഭാഗത്തിൽ 3708 കുട്ടികളും സർക്കാർ സ്കൂളിലേക്ക് പുതുതായി എത്തി.
എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ കൂടിചേരുമ്പോൾ അധ്യയനവഴിയിൽ പുതിയ തുടക്കമിടുന്ന കുട്ടികളുടെ എണ്ണം പതിനായിരങ്ങളാകും. പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഔദ്യോഗിക കണക്ക് ഒരാഴ്ച പിന്നിട്ടിട്ടാകും പുറത്തുവിടുന്നത്.
സ്കൂളുകളിൽ പ്രവേശനോത്സവ ഒരുക്കങ്ങളുടെ തിരക്കായിരുന്നു കഴിഞ്ഞ ആഴ്ചകളിൽ. സ്കൂൾ പരിസരം വൃത്തിയാക്കിയും കെട്ടിടങ്ങൾക്ക് പുത്തൻ ചായമടിച്ചും അറ്റകുറ്റപണികൾ നടത്തിയും ചുമരുകളിൽ കാർട്ടൂൺ താരങ്ങളെ വരച്ചുചേർത്തും സ്കൂൾ ബസുകൾക്ക് ഫിറ്റ്നസ് ഉറപ്പാക്കിയും അവസാനവട്ട പണികൾ ബുധനാഴ്ചയോടെ പൂർത്തിയായി. തദ്ദേശ സ്ഥാപനങ്ങളും സർവിസ് സംഘടനകളും പി.ടി.എ-എസ്.എം.സി സമിതികളും അധ്യാപകരും അനധ്യാപകരുമെല്ലാം മുന്നൊരുക്കങ്ങളുടെ ഭാഗമായി.
പ്രവേശനോത്സവത്തിനായി സ്കൂൾ അങ്കണവും ക്ലാസ്മുറികളും അലങ്കരിക്കുന്നതിന്റെ തിരക്കിൽ അധ്യാപകരുൾപ്പെടെ ഓടിനടക്കുന്ന കാഴ്ചയായിരുന്നു സ്കൂളുകളിൽ. മുതിർന്ന ക്ലാസുകളിലെ കുട്ടികളുടെ കലാപ്രകടനങ്ങളും പ്രവേശനോത്സവത്തിന് ഉത്സവഛായ പകരും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനോത്സവം അടുത്ത ആഴ്ചയാണ് നടക്കുന്നത്.
ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലായി ആകെ 955 സ്കൂളുകളുണ്ട്. എച്ച്.എസ് വിഭാഗത്തിൽ 242 ൽ സർക്കാർ-88, എയ്ഡഡ്-127, അൺഎയ്ഡഡ് -27 എന്നിങ്ങനെയാണ് സ്കൂളുകൾ. യു.പി വിഭാഗത്തിൽ 66 സർക്കാർ സ്കൂളുകളും 132 എയ്ഡഡും 25 അൺഎയ്ഡഡും ഉൾപ്പെടെ ആകെ 223 സ്കൂളുകൾ.
എൽ.പി സ്കൂളുകളാണ് ജില്ലയിൽ കൂടുതൽ. 490 സ്കൂളുകൾ. ഇവയിൽ സർക്കാർ സ്കൂളുകൾക്കാണ് മേൽക്കൈ. ആകെ 275 സർക്കാർ എൽ.പി സ്കൂളുകൾ ജില്ലയിലുണ്ട്. 180 എയ്ഡഡ്, 35 അൺഎയ്ഡഡ് എന്നിങ്ങനെയാണ് മറ്റ് എൽ.പി സ്കൂളുകൾ.
ജില്ലതലത്തിലും ഉപജില്ലതലത്തിലും കോർപറേഷൻ, ബ്ലോക്ക്, പഞ്ചായത്ത്, സ്കൂൾ തലങ്ങളിലും വിപുലമായ ആഘോഷമായാണ് പ്രവേശനോത്സവം നടക്കുന്നത്. ജില്ലതല പ്രവേശനോത്സവം ചവറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. സുജിത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും.
എന്‍.കെ. പ്രേമചന്ദ്രന് എം.പി മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന് മുഖ്യപ്രഭാഷണം നടത്തും. ജില്ല കലക്ടര്‍ അഫ്സാന പര്‍വീണ്‍ പ്രവേശനോത്സവ സന്ദേശം നല്‍കും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉപഹാര സമര്‍പ്പണവും ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഷാജി അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നിര്‍വഹിക്കും.
ജില്ല പഞ്ചായത്ത് അംഗം സി.പി. സുധീഷ്കുമാര്‍ ഭിന്നശേഷി സൗഹൃദ പ്രോജക്ട് പ്രകാശനം ചെയ്യും. സര്‍വശിക്ഷ കേരളം ഡി.പി.സി സജീവ് തോമസ് പൊതുവിദ്യാലയ മികവ് അവതരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരില്‍, ജില്ല പഞ്ചായത്ത് അംഗം എസ്. സോമന്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ഷെമി, ജെ.ആര്. സുരേഷ്കുമാര്‍, എസ്. സിന്ധു, പി.എം. സെയ്ദ്, പി.ആര്. രജിത്ത്, തങ്കച്ചി പ്രഭാകരന് എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.