ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കിന്റെ വിവിധ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പോരുവഴി പഞ്ചായത്തിലെ വീട്ടിനാല്‍, കടുവിങ്കല്‍, തൊളിക്കല്‍, കുന്നത്തൂര്‍ പഞ്ചായത്തിലെ കരിത്തല, കരിമ്പിന്‍പുഴ, തമിഴംകുളം ഏലാകളിലാണ് പന്നി ശല്യം രൂക്ഷമായിരിക്കുന്നത്. ഇതില്‍ കടുവിങ്കല്‍ ഏലായിലെ വഞ്ചിപ്പുറം മേഖലയില്‍ ശല്യം അതിരൂക്ഷമാണ്.
ഏക്കര്‍ കണക്കിന് മരച്ചീനി, ചേമ്പ്, വാഴ മറ്റ് കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ച മുതുപിലാക്കാട്ട് ക്ഷേത്രക്കുളത്തിനുസമീപം ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തു. മുതുപിലാക്കാട് തുണ്ടില്‍ കിഴക്കേതില്‍ ബാബുവിനെയാണ് പന്നി ആക്രമിച്ചത്. റബര്‍ ടാപ്പിങ്ങിനായി സൈക്കിളില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം.
മുമ്പും സമാനമായ രീതിയില്‍ പോരുവഴി കൊച്ചുതെരുവ് ജങ്ഷനു സമീപം പുലര്‍ച്ച പാല് വാങ്ങാന്‍ ബൈക്കില്‍ പോയ യുവാവിനും പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പോരുവഴി പഞ്ചായത്തിലെ മലനട, തൊളിക്കല്‍ മേഖലകളിലെ ഏലാകളിലും പന്നിക്കൂട്ടം കൃഷി നശിപ്പിക്കുകയാണ്. കൃഷി നഷ്ടപ്പെട്ട കര്‍ഷകരില്‍ ഭൂരിഭാഗം പേര്‍ക്കും വിള ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. ചീനിയും വാഴയും ഉള്‍പ്പെടെ വിളകള്‍ വ്യാപകമായി നശിപ്പിക്കുന്ന സംഭവത്തില്‍ കൃഷിവകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ആറുമാസം മുമ്പാണ് പോരുവഴിയില്‍ ആദ്യമായി പന്നി ശല്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇപ്പോള്‍ താലൂക്കിന്റെ മറ്റു മേഖലകളിലേക്കും പന്നികള്‍ വ്യാപിക്കുന്നു. പന്നി ശല്യം മറികടക്കാന്‍ രാത്രി കാലങ്ങളില്‍ കൃഷിയിടത്തില്‍ ലൈറ്റ് സ്ഥാപിക്കുകയും പാട്ട കൊട്ടി പന്നിക്കൂട്ടത്തെ തുരത്തുകയും ചെയ്യേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ഏഴാംമൈല്‍ ഉള്‍പ്പെടെ പ്രധാന പാതകളിലൂടെ രാത്രികാലങ്ങളില്‍ പന്നികള്‍ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി സഞ്ചരിക്കുന്നതും റോഡിന് കുറുകെ ചാടുന്നതും പതിവാണ്. പന്നിശല്യം നിയന്ത്രിക്കാന്‍ അധികൃതര്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.