കുളത്തൂപ്പുഴ: വനം വകുപ്പിന്റെ സൗരോര്‍ജ വേലി മറികടന്നെത്തിയ കാട്ടാനക്കൂട്ടം ടൗണിനു സമീപമുള്ള കൃഷിയിടത്തിൽ വ്യാപക നാശം വരുത്തി.
കുളത്തൂപ്പുഴ വൈറ്റ്ഹൗസില്‍ സലീമിന്റെ ഉടമസ്ഥതയില്‍ പതിനാറേക്കര്‍ പാതയില്‍ ഗവ. യു.പി. സ്കൂള്‍ മതിലിനോട് ചേര്‍ന്നുള്ള കൃഷി ഭൂമിയിലാണ് കഴിഞ്ഞ രണ്ടുദിവസം തുടര്‍ച്ചയായി കാട്ടാനക്കൂട്ടമെത്തിയത്. ആദ്യദിനം അഞ്ച് കാട്ടാനകളടങ്ങിയ കൂട്ടം സന്ധ്യയോടെ പ്രദേശത്തെ വനത്തില്‍നിന്ന് കല്ലടയാര്‍ മുറിച്ചുകടന്ന് പുഴയോരത്തായി വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ വേലിക്ക് മുകളിലൂടെയാണ് കൃഷിയിടത്തിലേക്ക് ഇറങ്ങുകയായിരുന്നു. രാത്രി പതിനൊന്നോടെ പാതയോരത്തായുള്ള സര്‍വീസ് സ്റ്റേഷനടുത്ത് കാട്ടാനക്കൂട്ടമെത്തിയതോടെയാണ് ഇവിടെയുണ്ടായിരുന്ന ജീവനക്കാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കാട്ടാനകളെ തുരത്തിയത്. തിങ്കളാഴ്ച സന്ധ്യയോടെ വീണ്ടുമെത്തിയ കാട്ടാനക്കൂട്ടം ബാക്കിയുണ്ടായിരുന്ന വാഴകളെല്ലാം തിന്നും ചവിട്ടി നശിപ്പിച്ചും തകര്‍ത്തു.
കുലച്ച് പാകമാകാറായവ അടക്കം മുന്നൂറോളം വാഴകളും കായ്ഫലമുള്ള 12 തെങ്ങുകളും പ്ലാവുകളും കാട്ടാനക്കൂട്ടം നശിപ്പതിൽപ്പെടുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ലക്ഷങ്ങള്‍ മുടക്കി വനം വകുപ്പ് പ്രദേശത്തെ ജനവാസ മേഖലക്ക് ചുറ്റുമായി സൗരോര്‍ജവേലി സ്ഥാപിച്ചത്. ശരിയായ സംരക്ഷണമില്ലാതെയും അറ്റകുറ്റ പണി നടത്താതെയും വന്നതോടെ വേലി നോക്കുകുത്തിയായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.