കൊല്ലം: കോർപറേഷൻ പരിധിയിൽ സർവിസ് നടത്തുന്ന ഓട്ടോകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിച്ച് അത് അടിസ്ഥാനമാക്കിയുള്ള നിരക്ക് ഈടാക്കാത്തവർക്കെതിരെ നടപടിവരുന്നു. മീറ്റർ പ്രവർത്തിപ്പിക്കാത്തവരുടെ പെർമിറ്റ് ഉൾപ്പെടെ റദ്ദാക്കാനുള്ള തീരുമാനം മോട്ടോർ വാഹനവകുപ്പ് വ്യാഴാഴ്ച മുതൽ നടപ്പാക്കും.
കൊല്ലം താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയിൽ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഓട്ടോകളെ നല്ല നടപ്പിലേക്ക് വരുത്താനുള്ള നടപടിയുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തിറങ്ങുന്നത്. വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ കൊല്ലം റീജനൽ ട്രാൻസ്പോർട്ട് ഓഫിസറേയും കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ പൊലീസ് എസ്.എച്ച്.ഒമാരേയും അതോറിറ്റി ചുമതലപ്പെടുത്തി.
വർഷങ്ങൾക്ക് മുമ്പും മീറ്റർ കർശനമാക്കി പരിശോധനകൾ ഉൾപ്പെടെ നടത്തിയിരുന്നെങ്കിലും അധികനാൾ അത് നീണ്ടില്ല. എന്നാൽ, ഇത്തവണ കർശന നടപടിയുണ്ടാകുമെന്നാണ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചിരിക്കുന്നത്. മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോകൾക്കെതിരെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടിയുടെ ഭാഗമായി ഇ-ചലാൻ തയാറാക്കി അയക്കും. പിന്നാലെ ഫിറ്റ്നസ് ഉൾപ്പെടെ വാഹന സംബന്ധമായ സേവനങ്ങൾ തടയപ്പെടുകയും ചെയ്യും.
ഓട്ടോ സ്റ്റാൻഡുകളുടെ ‘അപ്രമാദിത്വം’അവസാനിപ്പിക്കാനും നടപടിയുണ്ട്. കോർപറേഷൻ പരിധിയിൽ ഓട്ടോ സ്റ്റാൻഡുകളിൽ മറ്റ് സ്റ്റാൻഡുകളിലെ ഓട്ടോകളെ സവാരി എടുക്കാൻ അനുവദിക്കാത്ത സ്ഥിതിക്ക് അവസാനമുണ്ടാക്കാനാണ് ഈ തീരുമാനം.
നിലവിൽ കൊല്ലം കോർപറേഷൻ പെർമിറ്റുള്ള 5000 ഓട്ടോകളാണ് നഗരത്തിലുള്ളത്. ഇവക്ക് സ്റ്റാൻഡ് പരിമിതി ഇല്ലാതെ കോർപറേഷൻ മേഖലയിൽ സർവിസ് നടത്താനാണ് വഴിയൊരുങ്ങുന്നത്.
കൊല്ലം കോർപറേഷൻ പരിധിയിൽ സർവിസ് നടത്താൻ പെർമിറ്റ് നൽകിയിട്ടുള്ള ഓട്ടോകൾ പ്രത്യേക സ്റ്റാൻഡിൽ പാർക്ക് ചെയ്യണമെന്ന് നിയമത്തിലെവിടെയും നിഷ്കർഷിച്ചിട്ടില്ല. അതിനാൽ ഇത്തരം വാഹനങ്ങൾ സവാരി അവസാനിപ്പിക്കുന്നതിന് സമീപമുള്ള ഓട്ടോസ്റ്റാൻഡിൽ പാർക്ക് ചെയ്ത് ഊഴമനുസരിച്ച് അവിടെനിന്ന് സവാരി പോകാം.
കോർപറേഷൻ പെർമിറ്റ് ഇല്ലാത്ത മറ്റ് സ്ഥലങ്ങളിലെ ഓട്ടോറിക്ഷകളെ കോർപറേഷൻ പരിധിക്കുള്ളിൽനിന്ന് യാത്രക്കാരെ കയറ്റി സവാരി നടത്തുന്നതിന് അനുവദിക്കില്ല. എന്നാൽ, കോർപറേഷൻ പരിധിക്ക് പുറത്തുള്ള സ്ഥലങ്ങളിൽ നിന്നും യാത്രക്കാരെ കൊണ്ടുവരുന്നത് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.