എച്ച്​.എൻ.എൽ കരാർതൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്​

കോട്ടയം: ആനുകൂല്യങ്ങൾ നൽകണമെന്നും ദീർഘകാലം പണിയെടുത്ത തൊഴിലാളികളോട് കെ.പി.പി.എൽ മാനേജ്മെന്‍റും സർക്കാറും നീതിപുലർത്തണമെന്നും ആവശ്യപ്പെട്ട് എച്ച്.എൻ.എൽ കരാർതൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്​. കലക്​ടറേറ്റിന് മുന്നിൽ ബുധനാഴ്ച രാവിലെ 11ന് വിവിധ തൊഴിലാളിസംഘടനകളുടെ നേതൃത്വത്തിൽ കൂട്ടധർണ സംഘടിപ്പിക്കുമെന്ന്​ സംഘടന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ സ്വകാര്യവത്കരിക്കാൻ തീരുമാനിച്ച കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കെ.പി.പി.എൽ ആയി പ്രവർത്തനം ആരംഭിച്ചപ്പോൾ ഉണ്ടായ അവഗണനയിൽ പ്രതിഷേധിച്ചാണ് കരാർജീവനക്കാർ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കെ.പി.പി.എൽ കമ്പനി, എച്ച്.എൻ.എല്ലിൽ ഉണ്ടായിരുന്ന മുഴുവൻ സ്ഥിരംജീവനക്കാർക്കും നിയമനം നൽകിയപ്പോൾ, അവരോടൊപ്പം 35 വർഷമായി കോൺട്രാക്ട്​ മേഖലയിൽ പണിയെടുത്തിരുന്ന ശേഷിച്ച 200ഓളം തൊഴിലാളികളിൽ ഒരാൾക്കുപോലും ജോലി നൽകിയിരുന്നില്ല. റെസല്യൂഷൻ പ്രഫഷനൽ അംഗീകരിച്ച 580 ഓളം കരാർതൊഴിലാളികൾക്ക് അവകാശങ്ങൾ കൊടുത്ത് തീർക്കേണ്ടതുണ്ട്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും, ഗ്രാറ്റ്വിറ്റിയും, പൂർണമായും ഇതുവരെ ലഭിച്ചിട്ടില്ല. പി.എഫ്, ഇ.എസ്.ഐ ആനുകൂല്യം പോലും ലഭിക്കാതെ തൊഴിലാളികൾ ചികിത്സചെലവിനായി ബുദ്ധിമുട്ടുകയാണ്. കമ്പനി വിറ്റുകിട്ടുന്ന തുകയിൽനിന്ന് പി.എഫ്, ഗ്രാറ്റ്വിറ്റിയും മാറ്റിവെച്ചിട്ടേ തുക വീതിച്ചുനൽകാവൂ എന്ന്​ സുപ്രീകോടതിയുടെ വിധിയുണ്ട്. എന്നാൽ, പിരിഞ്ഞുപോയ തൊഴിലാളികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ മുഴുവൻ കൊടുത്തു തീർത്തു എന്നാണ് മന്ത്രി പി.രാജീവ് പറയുന്നത്. തൊഴിലാളികൾക്ക് കിട്ടേണ്ട ആനുകൂല്യത്തിന്‍റെ 35ശതമാനം മാത്രമാണ് നൽകിയിട്ടുള്ളത്. ബാക്കി 65ശതമാനം ഇനിയും ലഭിക്കാനുണ്ട്. വാർത്തസമ്മേളനത്തിൽ തോമസ് കല്ലാടൻ, കെ.ഡി. വിശ്വനാഥൻ, ടി.എം. സദൻ, ടി.എം. ഷെറീഫ്, ടി.എം ബോസ്, പി.സി. ബിനീഷ് കുമാർ, എം.കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.