തേക്ക് കൊള്ള: റേഞ്ച് ഓഫിസറുടെ ചോദ്യം ചെയ്യൽ തുടരുന്നു

അടിമാലി: റവന്യൂ ഭൂമിയിലെ തേക്ക്​ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ പ്രതിയായ റേഞ്ച് ഓഫിസറെ ചോദ്യം ചെയ്യുന്നത്​ തുടരുന്നു. അടിമാലി മുന്‍ റേഞ്ച് ഓഫിസര്‍ ജോജി ജോണിനെയാണ് വെള്ളത്തൂവല്‍ പൊലീസ് ചോദ്യം ചെയ്യുന്നത്. സുപ്രീം കോടതി നിർദേശപ്രകാരമാണ്​ ജോജി ജോൺ മൂന്നുദിവസം പൊലീസിന് മുന്നിൽ ഹാജരായി കേസ്​ സംബന്ധിച്ച വിവരങ്ങൾ നൽകുന്നത്​. ചോദ്യം ചെയ്യലിന്‍റെ മൂന്നാം ദിവസമായ ബുധനാഴ്ച പൊലീസ് നിർണായക തീരുമാനം എടുക്കും. മോഷണക്കുറ്റം ചുമത്തിയ കേസിൽ സുപ്രീം കോടതി ഇടപെടൽ ഉള്ളതിനാൽ പൊലീസ്​ അതീവ ജാഗ്രതയോടെയാണ്​ മുന്നോട്ട്​ നീങ്ങുന്നത്​. 2021 സെപ്റ്റംബറിലാണ് ജോജി ജോണ്‍ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം വെള്ളത്തൂവല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊന്നത്തടി വില്ലേജിലെ മങ്കുവയില്‍നിന്ന് റവന്യൂ ഭൂമിയില്‍നിന്ന്​ അടക്കം എട്ട്​ തേക്ക് മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തിലാണ് ജോജി ജോണിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.