ചിങ്ങവനം - ഏറ്റുമാനൂര്‍ ഇരട്ടപ്പാത കമീഷൻ ചെയ്യൽ വൈകിയേക്കും

കോട്ടയം: ചിങ്ങവനം - ഏറ്റുമാനൂര്‍ ഇരട്ടപ്പാത കമീഷൻ ചെയ്യൽ വൈകുമെന്ന്​ സൂചന. ബുധനാഴ്ച മുതൽ അഞ്ചുദിവസത്തെ പണികൾകൂടി ബാക്കിയുണ്ട്​. 29ന്​ പാതയിലൂടെ ​ട്രെയിൻ ഓടിക്കാൻ കഴിയുന്ന വിധത്തിൽ നിർമാണപ്രവൃത്തികൾ ​പുരോഗമിക്കുകയാണ്​.​ കമീഷൻ ചെയ്യൽ ചിലപ്പോൾ ആദ്യം പറഞ്ഞ തീയതിയിൽനിന്ന്​ ഒന്നോ ര​ണ്ടോ ദിവസത്തേക്ക്​ മാറി​യേക്കാം. ഇതുസംബന്ധിച്ച്​ അന്തിമ തീരുമാനം വരാനുണ്ടെന്നും റെയിൽവേ അധികൃതർ പറഞ്ഞു. 23ന്​ സുരക്ഷാ പരിശോധന പൂർത്തിയാക്കി 28ന്​ കമീഷൻ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. സുരക്ഷാ പരിശോധനയും വേഗപരിശോധനയും നടത്തിയിരുന്നു. അത്​വിജയകരമായതിനെത്തുടർന്നാണ്​ ചൊവ്വാഴ്ച പണികൾ തുടർന്നത്​. പുതിയ പാതയും പഴയ പാതയും യോജിപ്പിക്കുന്ന കട്ട്​ ആൻഡ്​ കണക്​ഷനാണ്​ ഇനിയുള്ള പ്രധാന ജോലി. മുട്ടമ്പലത്താണ്​ ആദ്യം ഈ പ്രവൃത്തി തുടങ്ങുന്നത്​. ഇതിന്​​ രണ്ടുദിവസമെടുക്കും. മുട്ടമ്പലത്ത്​ രണ്ട്​ തുരങ്കങ്ങളും ഒഴിവാക്കിയാണ്​ പുതിയ രണ്ട്​ പാത നിർമിച്ചിട്ടുള്ളത്​. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇത്​ പൂർത്തിയാക്കും. ഏറ്റുമാനൂരിനുസമീപം പാറോലിക്കലിലും കട്ട്​ ആൻഡ്​ കണക്​ഷൻ ചെയ്യുന്നതോടെ പണി പൂർത്തിയാകും. സിഗ്​നൽ നവീകരണം, ഇലക്​ട്രിക്​ ലൈൻ ബന്ധിപ്പിക്കൽ എന്നിവയും ഇതിനൊപ്പം പൂർത്തിയാക്കും. 29 വരെ എല്ലാ ദിവസവും പകൽ പത്തുമണിക്കൂർ ട്രെയിൻ ഗതാഗതം തടഞ്ഞാണ്​ പണികൾ ചെയ്യുന്നത്​. അന്നുതന്നെ വൈകീട്ട് പുതിയ പാതയില്‍ ട്രെയിന്‍ ഓടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്​ അധികൃതര്‍. സുരക്ഷാ പരിശോധനയുടെ റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.