അവഗണനയിൽ വീർപ്പുമുട്ടി ഏറ്റുമാനൂർ സർക്കാർ സ്കൂൾ

ഏറ്റുമാനൂർ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും കാടുകയറി ഏറ്റുമാനൂർ ഗവ. സ്കൂൾ പരിസരം. വള്ളിപ്പടർപ്പുകൾ ജനാലകൾ വഴി ​കെട്ടിടത്തിന്​ ഉള്ളിലേക്കും എത്തിയിട്ടുണ്ട്. ശൗചാലയങ്ങൾ കാടുകയറി കാണാനാവാത്ത നിലയിലാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ടെന്ന്​ നാട്ടുകാർ പറയുന്നു. സമീപത്തെ വില്ലേജ് ഓഫിസ് വളപ്പിലുള്ള കൂറ്റൻ പാഴ്മരങ്ങൾ സ്കൂളിന് മുകളിലേക്ക്​ പടർന്ന് പന്തലിച്ചുനിൽക്കുകയാണ്​. ഇത് ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. സ്കൂളി‍ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്​. ഏറ്റുമാനൂർ നഗരസഭയുടെ ഉടമസ്ഥതയിലാണ്​ നഗരഹൃദയത്തിലുള്ള ഈ സ്കൂൾ. കഴിഞ്ഞവർഷം അപകടാവസ്ഥയിലുള്ള മരം സ്കൂൾ അധികൃതരുടെ പരാതിയിൽ വെട്ടിയിരുന്നു. എന്നാൽ, വെട്ടിയിട്ട മരം ഇപ്പോഴും സ്കൂൾ മുറ്റത്തുതന്നെ കിടക്കുകയാണ്. മരം സ്കൂൾ മുറ്റത്തു നിന്ന്​ മാറ്റിക്കിട്ടാൻ കഴിഞ്ഞ ഒരുവർഷമായി വില്ലേജ്, താലൂക്ക് ഓഫിസുകൾ കയറിയിറങ്ങുകയാണ് സ്കൂൾ അധികൃതർ. വി.എച്ച്.എസ്.സി, ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്രമായി 250 വിദ്യാർഥികൾ ഇവിടെയുണ്ട്​. ഹൈസ്കൂളും തൊഴിലധിഷ്ഠിത വിദ്യാലയവും ഈ സ്കൂൾ വളപ്പിൽ തന്നെയാണ്. മുമ്പ്​ സ്കൂളിലേക്ക് മരം മറിഞ്ഞുവീണ് കെട്ടിടത്തിന് കേടുപാടുകളുണ്ടായ സംഭവവും ഉണ്ടായിട്ടുണ്ട്. സ്കൂൾ പരിസരത്തെ കാട് വെട്ടിത്തെളിക്കാൻ നിരവധിതവണ നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. മറ്റ് സ്കൂളുകൾ അധ്യയനവർഷത്തെ വരവേൽക്കാൻ വിപുലമായ പരിപാടികൾ നടത്തുമ്പോൾ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഏറ്റുമാനൂർ സ്കൂളിനെ അധികൃതർ അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. KTL ETTU SCHOOL സ്കൂൾ പരിസരം കാടുകയറിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.