ഭക്ഷ്യ പരിശോധന ലാബ്​ നോക്കുകുത്തി; വീണ്ടും മൂന്നു കോടിയുടെ ലാബ്​ ഒരുക്കാൻ നീക്കം

പത്തനംതിട്ട: 10 കോടി രൂപയോളം രൂപ ചെലവ്​ വരുന്ന ഭക്ഷ്യസുരക്ഷ പരിശോധന ലാബ്​ നോക്കുകുത്തിയായി തുടരവെ മൂന്നുകോടി രൂപ മുതൽ മുടക്കി വീണ്ടും ഭക്ഷ്യസുരക്ഷ ലാബ്​ ഒരുക്കാൻ നീക്കം. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാര പരിശോധനക്ക്​ ലോകോത്തര നിലവാരമുള്ള ലാബ്​ കോന്നി സി.എഫ്​.ആർ.ഡി (കൗൺസിൽ ഫോർ ഫുഡ്​ റിസർച്​ ആൻഡ്​​​ ഡെവലപ്​മെന്‍റ്​)യിലാണുള്ളത്​. കേന്ദ്ര സർക്കാറിന്‍റെയും രാജ്യാന്തര തലത്തിലും അംഗീകരിക്കപ്പെടുന്ന എൻ.എ.ബി.എൽ അംഗീകാരമുള്ള സംസ്ഥാനത്തെ ഒന്നാംകിട ലാബാണിത്​. ഇവിടെ പ്രതിദിനം 200 സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും 20 എണ്ണം പോലും ഇവിടെ എത്തുന്നില്ല. അതിനാൽ വിപുലമായ സജ്ജീകരണങ്ങളുള്ള ലാബ്​ നോക്കുകുത്തിയായ നിലയിലാണ്​. അപ്പോഴാണ്​ ആരോഗ്യ വകുപ്പ്​ പത്തനംതിട്ടയിൽ മൂന്നുകോടി രൂപ മുടക്കി പുതിയ ലാബ്​ സ്ഥാപിക്കാൻ ഒരുങ്ങുന്നത്​. ഇത്​ ധൂർത്താണെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നു. സംസ്ഥാനം കടക്കെണിയിലായിരിക്കെ ഇങ്ങനെ അനാവശ്യമായി പണം ചെലവഴിക്കുന്നത്​ ഒഴിവാക്കണമെന്ന ആവശ്യവുമുയരുന്നു. സിവിൽ സപ്ലൈസ്​ വകുപ്പിന്‍റെ കീഴിലാണ്​ കോന്നി സി.എഫ്​.ആർ.ഡി ലാബുള്ളത്​. ഭക്ഷ്യസുരക്ഷ വകുപ്പ്​ ആരോഗ്യ വകുപ്പിന്‍റെ അധീനതയിലുമാണ്​. ഇരു മന്ത്രിമാരും കൂടിയാലോചിച്ച്​ ജില്ലയിലെ ഭക്ഷ്യസാമ്പിളുകൾ സി.എഫ്​.ആർ.ഡി ലാബിൽ പരിശോധിക്കാൻ സംവിധാനം ഒരുക്കാവുന്നതേയുള്ളൂ എന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്തനംതിട്ട ടൗണിനടുത്ത് ആനപ്പാറയിൽ 11 സെന്റ് വസ്തുവിലാണ് പുതിയ ലാബ് സജ്ജമാക്കുന്നത്. 3.1 കോടി രൂപ ചെലവഴിച്ച്​ മൂന്നുനിലയുള്ള ലാബ് സ്ഥാപിക്കുമെന്നാണ്​ മന്ത്രി വീണ ജോർജ്​ അറിയിച്ചിരിക്കുന്നത്​. ഇതിന്‍റെ നിർമാണോദ്​ഘാടനം ശനിയാഴ്ച നടത്തുമെന്ന്​ അറിയിച്ചിരുന്നെങ്കിലും പിന്നീട്​ മാറ്റിവെച്ചു. നിലവിൽ പരിശോധന നടത്താൻ തിരുവനന്തപുരത്തുള്ള ഭക്ഷ്യസുരക്ഷ ലാബിലേക്കാണ് സാമ്പിളുകൾ അയക്കുന്നത്. കോന്നിയിൽ സർവസജ്ജമായ ലാബുണ്ടായിരിക്കെയാണ്​ തിരുവനന്തപുരത്തെ ലാബിനെ ആശ്രയിക്കുന്നത്​. കോന്നിയിൽ മൈക്രോബയോളജി, കെമിക്കൽ, ഓർഗാനോ ലത്തിക്​ (ഇന്ദ്രിയ പരിശോധന) എന്നീ മൂന്നു പരിശോധനകൾക്ക്​ സംവിധാനമുണ്ട്​. 15,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിലാണ്​ കോന്നി ലാബ്​ പ്രവർത്തിക്കുന്നത്​. പരിശോധന നടത്താനാവശ്യമായ ജീവനക്കാരും അവിടെയുണ്ട്​. ഇരു വകുപ്പിന്‍റെയും മന്ത്രിമാർ കൂടിയാലോചിച്ച്​ ഫുഡ്​ സേഫ്​റ്റിയുടെ അംഗീകാരംകൂടി നൽകി പരിശോധന കോന്നിയിൽ നടത്താൻ​ സംവിധാനം ഒരുക്കുകയാണ്​ വേണ്ടതെന്ന്​ കോന്നി സി.എഫ്​.ആർ.ഡി മുൻ ഡയറക്ടർ ഡോ. മുകുന്ദൻ 'മാധ്യമ'ത്തോട്​ പറഞ്ഞു. ബിനു ഡി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.