അയിരൂരില്‍ ഇടഞ്ഞ ആന പമ്പാനദിയില്‍ ചാടി

റാന്നി: അയിരൂർ മൂക്കന്നൂരിൽ പമ്പ നദിയിലിറങ്ങിയ പിടിയാന കരയിൽ കയറാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചത്​ പരിഭ്രാന്തി പരത്തി. അഞ്ച്​ മണിക്കൂറോളം ​നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ്​ ആനയെ തളച്ചത്​. തിരുവനന്തപുരം സ്വദേശിയുടെ സീതയെന്ന പിടിയാനയാണ്​ ഇടഞ്ഞത്​. തടി പിടിക്കാനാണ് ഇവിടെ എത്തിച്ചത്. തിങ്കളാഴ്ച പണിയില്ലാത്തതിനാൽ പമ്പാനദിയിൽ കുളുപ്പിക്കാൻ കൊണ്ടുപോകവെ നദിയിലേക്ക്​ ഓടിയിറങ്ങി പാപ്പാന്റെ നിർദേശങ്ങൾ കേൾക്കാതെ നീന്തിനടക്കുകയായിരുന്നു. ഉച്ചക്ക്​ ഒന്നോടെയാണ്​ ആന നദിയിലിറങ്ങിയത്​. വൈകീട്ട്​ ആറോടെയാണ്​ തളക്കാനായത്​. നദീതീരത്തുകൂടി പോകവെ പശുക്കുട്ടി ഓടിവരുന്നത്​ കണ്ട്​ വിരണ്ടാണ്​ ആന നദിയിലേക്ക്​ ചാടിയതെന്നാണ്​ പാപ്പാന്മാർ പറയുന്നത്​. കരയിൽ കയറാതെ അക്കരെ ചെറുകോൽ പഞ്ചായത്തിലെ പഞ്ചായത്ത് കടവിലേക്ക് നീന്തിപ്പോയി. തുടർന്ന് ആറ്റിൽക്കൂടി കിഴക്കോട്ട് അരക്കിലോമീറ്റർ നീങ്ങിയ ശേഷം പുതമൺ കരയിൽ കടവിനടുത്ത്​ നിലയുറപ്പിച്ചു. ആനയുടെ ഒരു കണ്ണിന്​ കാഴ്ചക്കുറവുണ്ട്​. നദിയിൽ നീന്തിനടന്ന ആനയുടെ പുറത്തുകയറാൻ വള്ളത്തിൽ കയറിയ പാപ്പാൻ ശ്രമം നടത്തിയെങ്കിലും ആന അയാളെ കുടഞ്ഞെറിഞ്ഞു. പിന്നീട്​ രണ്ട്​ തവണകൂടി ആനറപ്പുറത്തുകയറാൻ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. പിന്നീട്​ പഴക്കുലകാട്ടി പ്രലോഭിപ്പിച്ച്​ കരക്കുകയറ്റാൻ നോക്കിയെങ്കിലും അതും വിഫലമായി. ശങ്കു എന്ന പാപ്പാനാണ് ഒപ്പമുണ്ടായിരുന്നത്. സംഭവമറിഞ്ഞ് വലിയ ജനക്കൂട്ടം നദിയുടെ ഇരുവശവും കൂടി. നദിയിൽ ജലനിരപ്പ് കൂടുതലായത്​ ആശങ്ക പരത്തി. പലഭാഗത്തും കയങ്ങളുണ്ടെന്നും ആന അതിൽ അകപ്പെടുമോ എന്ന ആശങ്കയായിരുന്നു നാട്ടുകാർക്ക്​. കരയിൽ കയറിയാൽ അക്രമം കാട്ടുമോ എന്ന ഭയവും ഉണ്ടായി. വൈകീട്ടോടെ വനപാലകരും സ്ഥലത്തെത്തി. ഇരുട്ടുവീഴുന്ന സമയമായതോടെ ആന അതിനെ കുളിപ്പിക്കാൻ ഇറക്കാറുള്ള കടവിലെത്തി തനിയെ കരയിൽ കയറുകയായിരുന്നു. കരയിൽ കയറിയ ശേഷം ശാന്തയായി നിന്നതിനാൽ സ്ഥിരമായി തളക്കുന്നിടത്ത്​ എത്തിച്ച്​ തളക്കുകയായിരുന്നു. തിരുവനന്തപുരം കളിയാക്കാവിള സ്വദേശി അനിലിന്‍റേതാണ്​ ആന. കോഴഞ്ചേരി സ്വദേശി തടിപടിക്കാൻ പാട്ടത്തിനെടുത്ത്​ കൊണ്ടുവന്നതാണ്​. മൂക്കന്നൂർ ശ്രീമഹാദേവ ക്ഷേത്രത്തിന് സമീപം സ്വകാര്യ വക്തിയുടെ സ്ഥലത്ത് ഒരുമാസമായി ഉണ്ടായിരുന്നു. തടിപ്പണികൾക്ക് കൊണ്ടുപോയ ശേഷം ഇവിടെയാണ് തളച്ചിരുന്നത്. റാന്നി, ആറന്മുള, കോയിപ്രം പൊലീസും റാന്നി അഗ്നിരക്ഷാസേന യൂനിറ്റും സ്ഥലത്തുണ്ടായി. Ptl rni_1 elephant Photo: അയിരൂരിനടുത്ത് ഇടഞ്ഞ ആന പമ്പാനദിയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.