എന്തൊരു വെള്ളം വരവാണ്​... പകച്ച്​ പടിഞ്ഞാറൻ മേഖല

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറിയവരുടെ എണ്ണം 2000 കടന്നു കോട്ടയം: കിഴക്കൻവെള്ളത്തിന്‍റെ വരവിൽ പകച്ച്​ പടിഞ്ഞാറൻ മേഖലയിലെ കുടുംബങ്ങൾ. താഴ്ന്ന പ്രദേശങ്ങളിലേക്ക്​ വലിയ തോതിലാണ്​ വെള്ളം എത്തുന്നത്​​. മീനച്ചിലാർ കരകവിഞ്ഞ്​ നഗരത്തിനോടു​​ചേർന്ന ചുങ്കം, വാരിശ്ശേരി ഭാഗങ്ങളിലും ​വെള്ളംകയറി. നഗരപ്രദേശത്ത്​ പകൽ മഴ മാറിനിന്നെങ്കിലും മലയോര മേഖലയിൽ ഇടവിട്ട്​ പെയ്തു. പനക്കപ്പാലം, ഈരാറ്റുപേട്ട, മുക്കുഴി, പൂഞ്ഞാർ, തലനാട്​, ഉള്ളനാട്​ എന്നിവിടങ്ങളിൽ സാമാന്യം നല്ല മഴയുണ്ടായിരുന്നു. പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട്​ രൂക്ഷമായി തുടരുന്നു. മലയോരത്ത്​ മഴ നിന്നാലേ മീനച്ചിലാറിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിന്‍റെ അളവ്​ കുറയൂ. വേമ്പനാട്ട്​ കായലിൽനിന്ന്​ വെള്ളം കടലിലേക്ക്​ ഇറങ്ങിപ്പോവുകയും വേണം. വേലിയേറ്റ സമയത്ത്​ കടൽ വെള്ളമെടുക്കില്ല. ഉയരംകൂടിയ ഭൂ​പ്രകൃതിയായതിനാൽ ഈരാറ്റുപേട്ട പോലുള്ള കിഴക്കൻ ഭാഗത്തുനിന്ന്​​ വെള്ളം പെട്ടെന്ന്​ താഴേക്കിറങ്ങും. ഭൂനിരപ്പ്​ കൂടുന്നതിനനുസരിച്ച്​ വെള്ളത്തിന്‍റെ ഒഴുക്ക്​ സാവധാനമാവും. പേരൂർ മുതൽ മീനച്ചിലാറിന്‍റെ പതനസ്ഥാനം വ​രെ നിരപ്പാണ്​ ഭൂമി. ഇവിടം മുതലുള്ളവർ വെള്ളക്കെട്ടിന്‍റെ ദുരിതം അനുഭവിക്കണം. മറ്റു സ്ഥലങ്ങളിൽ വെള്ളമിറങ്ങിയാലും മഴ മാറിയാലും പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട്​ മാറാൻ ദിവസങ്ങളെടുക്കും. വീടുകളും ശുചിമുറികളുമടക്കം വെള്ളത്തിലാവും. മാലിന്യം നിറഞ്ഞ ​വെള്ളത്തിലാണ്​ പിന്നെ ദിവസ​ങ്ങളോളം ഇവരുടെ താമസം. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറിയവരുടെ എണ്ണം 2000 കടന്നു. എഴുനൂറോളം കുടുംബങ്ങളാണ്​ ക്യാമ്പിൽ കഴിയുന്നത്​. കോട്ടയം താലൂക്കിൽ ക്യാമ്പുകളുടെ എണ്ണം 33 ആയി. കുമരകം, തിരുവാർപ്പ്​, അയ്മനം ഭാഗങ്ങളിൽ വീടുകളും റോഡുകളും വെള്ളത്തിലാണ്​. തിരുവാർപ്പിൽ കൂടുതൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്​ പഞ്ചായത്തിൽ രണ്ട്​ ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ചെങ്ങളം സെന്‍റ്​ മേരീസ് പള്ളി ഹാൾ, തിരുവാർപ്പ് മർത്തശ്മുനി പള്ളിഹാൾ എന്നിവിടങ്ങളിലാണ് പുതുതായി ക്യാമ്പുകൾ തുടങ്ങിയത്​. പഞ്ചായത്തിൽ ആകെ നാല്​ ക്യാമ്പുകളിലായി 55 കുടുംബങ്ങളിൽനിന്ന്​ 139പേർ ക്യാമ്പുകളിലുണ്ട്. കൂടുതൽ ക്യാമ്പുകൾ തുടങ്ങേണ്ട സാഹചര്യം സംജാതമായാൽ അടിയന്തരമായി തുറക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. -------------------------- ക്ഷേത്രം അടച്ചു കോട്ടയം: രൂക്ഷമായ വെള്ളപ്പൊക്കത്തെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള വേളൂർ മേജർ പാറപ്പാടം ദേവീക്ഷേത്രം തന്ത്രിയുടെ നിർദേശപ്രകാരം അടച്ചു. വെള്ളം ഇറങ്ങിയശേഷമേ തുറക്കൂ. lead p2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.