സംഘർഷം റിപ്പോർട്ട്​ ചെയ്​തതിന്​ ത്രിപുരയിൽ രണ്ടു​ മാധ്യമപ്രവർത്തകർ അറസ്​റ്റിൽ

അഗർതല/കരിംഗഞ്ച്​ (അസം): ത്രിപുരയിലെ വർഗീയ സംഘർഷം റിപ്പോർട്ട്​ ചെയ്​തതിന്​ കസ്​റ്റഡിയിലായ​ രണ്ടു മാധ്യമപ്രവർത്തകരും അറസ്​റ്റിൽ. കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും ജാമ്യം അനുവദിച്ചു. എച്ച്​.ഡബ്ല്യു ന്യൂസ്​ നെറ്റ്​വർക്കിലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവരാണ്​ അറസ്​റ്റിലായത്​. ഗോമതി ജില്ലയിലെ ചീഫ്​ ജുഡീഷ്യൽ മജിസ്​​േട്രറ്റ്​ കോടതിയിൽ തിങ്കളാഴ്​ച​ ഹാജരാക്കിയ ഇരുവർക്കും ജഡ്​ജി ശുഭ്രാ നാഥാണ്​​​ ജാമ്യം അനുവദിച്ചത്​. സംഘർഷം റിപ്പോർട്ട്​ ചെയ്യാൻ വ്യാഴാഴ്​ച ത്രിപുരയിലെത്തിയ ഇവരെ അസം പൊലീസ്​ ഞായറാഴ്​ചയാണ്​ കസ്​റ്റഡിയിലെടുത്തത്​. ത്രിപുര പൊലീസ്​ തിങ്കളാഴ്​ചയാണ്​​​ അറസ്​റ്റ്​ ചെയ്​തത്​​​. ഇരുവരെയും അസമി​ൽ കരിംഗഞ്ചിലെ ഷെൽട്ടർ ഹോമിൽനിന്ന്​ തിങ്കളാഴ്​ച പുലർച്ച 12.55 ഓടെയാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന്​ മാധ്യമസ്ഥാപന ഉടമ അറിയിച്ചു. മറ്റൊരു സംസ്ഥാനത്തേക്ക്​ കൊണ്ടുപോകാനുള്ള ട്രാൻസിറ്റ്​ റിമാൻഡ്​ ഉറപ്പാക്കിയ ശേഷം​ ത്രിപുരയിലേക്ക്​ മടക്കിക്കൊണ്ടുവരുകയായിരുന്നു​. പ്രദേശിക വി.എച്ച്​.പി നേതാവി​‍ൻെറ പരാതിയിൽ സമുദായ സൗഹാർദം തകർക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി ഇരുവർക്കുമെതിരെ ത്രിപുരയിലെ ഫാതിക്​റോയ്​ പൊലീസ്​ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഗോമതി ജില്ലയിൽ മുസ്​ലിം പള്ളി കത്തിച്ചതായും ഖുർ ആൻ പകർപ്പ് നശിപ്പിച്ചതായും മാധ്യമപ്രവർത്തകർ ട്വീറ്റിൽ എഴുതിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അഗർതലയിൽ ആരോപിച്ചു. ഇവർ അപ്‌ലോഡ് ചെയ്ത വിഡിയോകളിൽ കൃത്രിമത്വം സംശയിക്കുന്നതായും ത്രിപുര പൊലീസ്​ പറയുന്നു. ശകുനിയയുടെ പോസ്​റ്റുകൾ സത്യമല്ലെന്നും വിദ്വേഷം പ്രചരിപ്പിക്കുന്നതായും ത്രിപുര പൊലീസ്​ മേധാവി വി.എസ്. യാദവി​ൻെറ ഓഫിസ്​ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ആരോപിച്ചു. മാധ്യമപ്രവർത്തകർക്കെതിരായ ​പൊലീസ്​ നടപടിയെ അപലപിച്ച എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ഒക്​ടോബർ 26ന്​ പനിസാഗർ സബ്​ഡിവിഷനിലെ വി.എച്ച്​.പി റാലിക്കിടെ മുസ്​ലിംപള്ളിയും കടകളും ആക്രമിച്ചതാണ്​​ ത്രിപുരയിൽ സംഘർഷാവസ്ഥക്കിടയാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.