കൊടുംകാട്ടിലെ തപാൽ ജീവിതത്തിൽനിന്ന്​ തങ്കപ്പൻ നായർ പടിയിറങ്ങി

വടശ്ശേരിക്കര: കൊടുംവനത്താൽ ചുറ്റപ്പെട്ട ഗവിയിലെ പോസ്​റ്റ്​മാൻ തങ്കപ്പൻ നായർ 42 വർഷത്തെ സേവനത്തിനുശേഷം പമ്പാ ഡാം പോസ്​റ്റ്​ ഓഫിസിലെ സേവനം പൂർത്തീകരിച്ച്​ കാടിറങ്ങി. ആനയും കടുവയും കാട്ടുപോത്തും പുലിയും വിഹരിക്കുന്ന കാട്ടിലെ ഈ പോസ്​റ്റ്​ ഓഫിസിൽ ജോലിക്ക്​ കയറി അവിടെ നിന്ന്​ സർവിസ് ജീവിതം അവസാനിപ്പിക്കുക​യെന്ന അപൂർവനേട്ടവും അദ്ദേഹത്തിന്​ സ്വന്തമാണ്. കൊച്ചുപമ്പ പോസ്​റ്റ്​ ഓഫിസിലെ ഇ.ഡി.ഡി.എ (എക്സ്ട്രാ ഡിപ്പാർട്മൻെറൽ ഡെലിവറി ഏജൻറ്) ജീവനക്കാരനായി കൊടുംവനത്തിലൂടെ തപാൽ വകുപ്പി​ൻെറ മുദ്ര ചാർത്തിയ കത്തുകളുമായി 42 വർഷമായി നടക്കുകയായിരുന്നു തങ്കപ്പൻ നായർ. മുണ്ടക്കയം പുഞ്ചവയൽ സ്വദേശിയായ തങ്കപ്പൻ നായർ ഇപ്പോൾ കുടുംബവുമായി കോന്നിയിലാണ് താമസിക്കുന്നത്. കൊച്ചുപമ്പ പോസ്​റ്റ്​ ഓഫിസിൽനിന്ന്​ മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് വീട്ടിലേക്കു മടങ്ങുന്നത്. 1980 ഫെബ്രുവരി ഒന്നിനാണ് ജോലിക്കു കയറിയത്. ഒരു വർഷം ഒഴികെ ബാക്കി 41 വർഷവും ഇവിടെയാണ് ജോലി ചെയ്തത്. പോസ്​റ്റ്​മാ​ൻെറ ജോലിയും ഓഫിസിലെ മറ്റു ജോലികളും കൂടാതെ പോസ്​റ്റ്​ ഓഫിസിന് കാവൽക്കാരനും കൂടിയാണ് ഇദ്ദേഹം. എല്ലാ ദിവസവും പമ്പാ ഡാം പോസ്​റ്റ്​ ഓഫിസിൽനിന്ന്​ രാവിലെ ഏഴിന്​ മഞ്ഞോ മഴയോ ഒന്നും കൂട്ടാക്കാതെ കാൽനടയായി ഗവി പോസ്​റ്റ്​ ഓഫിസിലേക്ക്​ നടന്നുചെല്ലും. അവിടുന്ന് കത്തും മറ്റു സാധനങ്ങളുമായി തിരിച്ചും നടന്നുവരും. 30 കിലോമീറ്ററിലേറെയാണ്​ ദിവസവും നടക്കേണ്ടത്​. പലതവണ ആനയുടെയും പുലിയുടെയും മുന്നിൽ പെട്ടിട്ടുണ്ട്. പോസ്​റ്റ്​ഓഫിസിനോടു ചേർന്നുള്ള മറ്റു കെട്ടിടങ്ങൾ കാട്ടാനകൾ തകർക്കുന്നത് കൺമുന്നിൽ കണ്ടിട്ടുണ്ടെന്നും തങ്കപ്പൻ നായർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.