വിദ്യാർഥികളുമായി സംഘർഷം: സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ്​ യാത്രക്കാർ

ബസ് ഡ്രൈവറും വിദ്യാർഥികളും ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു തലയോലപ്പറമ്പ്: യാത്രക്കാരെ വലച്ച്​ സ്വകാര്യബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് ബുധനാഴ്ച കോട്ടയം-എറണാകുളം റൂട്ടിൽ സർവിസ് നടത്തുന്ന ലിമിറ്റഡ് സ്​റ്റോപ് ബസുകളും തലയോലപ്പറമ്പ്-എറണാകുളം റൂട്ടിലെ മുഴുവൻ സ്വകാര്യബസുകളും പണിമുടക്കി. ബുധനാഴ്ച രാവിലെ ബസ് സ്​റ്റോപ്പിൽ എത്തിയതിന്​ ശേഷമാണ് യാത്രക്കാരിൽ പലരും ബസ്​ പണിമുടക്കാണെന്ന്​ അറിഞ്ഞത്. ദൂരെ സ്ഥലങ്ങളിൽ ജോലിക്ക്​ പോകാനെത്തിയ യാത്രക്കാരും വിദ്യാർഥികളും സമയത്ത് എത്തിപ്പെടാനാകാതെ ഏറെ ബുദ്ധിമുട്ടിലായി. കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോയിൽനിന്ന്​ കൂടുതൽ സർവിസ് നടത്തിയത് യാത്രക്കാർക്ക് കുറെ ആശ്വാസമായി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ നീർപ്പാറയിലാണ് സംഘർഷം ഉണ്ടായത്. വിദ്യാർഥികളെ ബസിൽ കയറ്റാത്തത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് കാരണം. ബസ് ഡ്രൈവറും മൂന്ന് വിദ്യാർഥികളും ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. മുണ്ടക്കയം-എറണാകുളം റൂട്ടിൽ സർവിസ് നടത്തുന്ന ആവേ മരിയ ബസിലെ തൊഴിലാളികളും തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർഥികളുമായാണ് സംഘർഷം ഉണ്ടായത്. തലക്ക്​ പരിക്കേറ്റ ബസ് ജീവനക്കാരനായ രഞ്ജു കോട്ടയം മെഡിക്കൽ കോളജിലും എസ്.എഫ്.ഐ പ്രവർത്തകരായ അമൽരാജ്, ഷിഹാബ്, കിരൺ എന്നിവർ വൈക്കം താലൂക്ക് ആശുപത്രിയിലുമാണ്​ ചികിത്സ തേടിയത്​. തലക്ക്​ സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബസ് ഡ്രൈവർ രഞ്ജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് വിദ്യാർഥികൾക്കെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് കോളജിലെ ഡിഗ്രി വിദ്യാർഥികളായ അഖിൽ, അജിത്ത്, നിധീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കിയതായി തലയോലപ്പറമ്പ് എസ്.എച്ച്.ഒ ടി. മനോജ് പറഞ്ഞു. കോളജ് സ്​റ്റോപ്പിൽ നിർത്തിയ ബസിൽ വിദ്യാർഥികൾ കയറുന്നതിനിടെ മുന്നോട്ടെടുത്ത്​ പോകുകയും ബസിൽ കയറിയ എറണാകുളം ഭാഗത്തേക്ക് പോകേണ്ട വിദ്യാർഥികളെ വടകരയിൽ ഇറക്കിവിടുകയും ചെയ്തു. സംഭവത്തെ തുടർന്ന് വിദ്യാർഥികൾ ബസിനെ പിന്തുടർന്ന് നീർപ്പാറയിലെത്തി ചോദ്യം ചെയ്യുന്നതിനിടെ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നെന്നാണ്​ പരിക്കേറ്റ വിദ്യാർഥികൾ പറയുന്നത്. അതേസമയം, ബസിനുള്ളിൽ കൊള്ളാവുന്ന വിദ്യാർഥികളെ കയറ്റുകയും വാതിലിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത വിദ്യാർഥികളെയാണ് ബസിൽനിന്ന്​ ഇറക്കിയതെന്നും തുടർന്ന് മറ്റ് വിദ്യാർഥികളെ ഇവർ വിവരം അറിയിച്ച് ബസിനെ പിന്തുടർന്ന് നീർപ്പാറയിലെത്തി വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നെന്ന് ബസ് തൊഴിലാളികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.