'കാസ' നേതൃത്വത്തിൽ സ്വീകരണം നൽകി കോട്ടയം: സംഘ്പരിവാർ അനുകൂല ക്രൈസ്തവ സംഘടനയായ 'കാസ' നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ പി.സി. ജോർജിനെതിരെ എ.ഐ.വൈ.എഫ് പ്രതിഷേധം. വാഹനത്തിന് മുന്നിലേക്ക് ചാടിയ പ്രവർത്തകർ അദ്ദേഹത്തെ കരിങ്കൊടി കാട്ടി. പ്രതിഷേധം കണക്കിലെടുത്ത് ചടങ്ങ് സംഘടിപ്പിച്ച കോട്ടയം ദർശന ഓഡിറ്റോറിയത്തിനു മുന്നിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരെ ബി.ജെ.പി, കാസ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയെത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും പൊലീസ് ഇടപെട്ട് ഇരുപക്ഷത്തെയും നീക്കി. ഇതിനു പിന്നാലെ സമ്മേളനനഗറിലേക്കുള്ള ഗേറ്റ് പൂട്ടാൻ പൊലീസ് ശ്രമിച്ചതിനെതിരെ ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയത് വീണ്ടും നേരിയ സംഘർഷത്തിനും ഇടയാക്കി. ചില ക്രൈസ്തവ മതമൗലികവാദികളാണ് പി.സി. ജോർജിന് സ്വീകരണമൊരുക്കിയതെന്നും ഇത്തരം ശ്രമങ്ങളെ കേരളം തള്ളിക്കളയുമെന്നും എ.ഐ.വൈ.എഫ് കോട്ടയം ജില്ല പ്രസിഡന്റ് റെനീഷ് കാരിമറ്റം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗങ്ങളായ രഞ്ജിത് കുമാർ, ഷാജോ കുടമാളൂർ, നന്ദു ജോസഫ്, നജീബ്, ദീപു, രാഗേഷ്, സുനീഷ്, സന്തോഷ് കൃഷ്ണൻ, ബിന്ദു ജോസ്, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി നിഖിൽ ബാബു, ജില്ല വൈസ് പ്രസിഡന്റ് കെ.യു. അഖിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. തുടർന്ന് വൻ പൊലീസ് സന്നാഹങ്ങൾക്കിടെ സ്വീകരണം ചടങ്ങ് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്‍റ് അഡ്വ. പി.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. പി.സി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരത്ത് പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നു. ഈ വിഷയത്തിൽ കേരളം മുഴുവൻ ആശയപ്രചാരണം നടത്താനാണ് തീരുമാനം. ആരെയും ഭയമില്ലെന്നും രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് പിണറായി വിജയനും യു.ഡി.എഫും പിന്തുണ നൽകുകയാണെന്നും ജോർജ് പറഞ്ഞു. കാസ പ്രസിഡന്‍റ് കെവിൻ പീറ്റർ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, ഫാ. ലൂക്ക് പൂതൃക്കയിൽ, ജോസ് വള്ളനാട്, ക്രോസ് ജനറൽ സെക്രട്ടറി ജോജി ജോർജ്, ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, മൈനോറിറ്റി മോർച്ച നേതാവ് മാഗി ഡൊമിനിക്, ഡോ. ജോർജ് വർഗീസ് എന്നിവർ പങ്കെടുത്തു. പടം dp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.