കോട്ടയം: ആരെയും കൊതിപ്പിക്കുന്ന രുചികരമായ ഭക്ഷണമാണ് ഷവർമ. വർഷങ്ങൾക്കുമുമ്പ് അറബിനാട്ടിൽനിന്നെത്തി മലയാളികൾക്കൊപ്പം കൂടിയെങ്കിലും ഷവർമക്ക് പ്രിയമേറിയിട്ട് അധികകാലമായിട്ടില്ല. ഭക്ഷണപ്രേമികളുടെ രുചിമുകുളങ്ങളെ രസിപ്പിക്കാൻ നാട്ടിലങ്ങോളമിങ്ങോളം ഷവർമക്കടകൾ ഉയർന്നുവന്നതും അടുത്തകാലത്താണ്. ഇറച്ചി മസാല പുരട്ടിവെച്ചശേഷം ഷവർമ മെഷീനിലെ കമ്പിയിൽ കുത്തിവെച്ചു കറക്കുകയാണ് ചെയ്യുന്നത്. കമ്പിക്കുമുകളിൽ സവാളയോ തക്കാളിയോ കുത്തിവെക്കും. ഇതിന്‍റെ നീരുകൂടി ഇറച്ചിയിൽ വെന്തിറങ്ങും. വേവുന്നതിനനുസരിച്ച് വശങ്ങളിൽനിന്ന് മുറിച്ചെടുക്കും. ഒരു ഷവർമ തയാറാക്കാൻ കൂടിയത് അഞ്ചുമിനിറ്റെങ്കിലും എടുക്കും. പണ്ടത്തെപ്പോലെയല്ല, ഇപ്പോൾ മനോഹരമായ പാക്കിങ്ങിലാണ് ഷവർമ വിൽപന. ഇങ്ങനെയൊക്കെയാണെങ്കിലും ഈ 'കറങ്ങുന്ന ഇറച്ചി' യെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അപകടമാണ് എന്നാണ് കാസർകോട്ടെ സംഭവം വീണ്ടും ഓർമിപ്പിക്കുന്നത്. എന്നാൽ, ഇതിന്‍റെ പേരിൽ ഷവർമയെ പുറത്താക്കേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഷവർമ ഉണ്ടാക്കുന്നവരും കഴിക്കുന്നവരും അവനവന്‍റെ ജീവനെക്കരുതി ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും ഇവർ ഓർമിപ്പിക്കുന്നു. കടയുടമകളോട്:- * ഇറച്ചി വാങ്ങുന്നതിൽപോലും വേണം ശ്രദ്ധ. ഷവർമ തയാറാക്കുന്നതിനുള്ള ഇറച്ചി വാങ്ങുന്നത് ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്നാവണം. * ഇറച്ചിക്ക് കൃത്യമായ മാരിനേറ്റഡ് സമയം ഉണ്ട്. പൂജ്യത്തിന് മുകളിലുള്ള താപനിലയിൽ രണ്ടുമണിക്കൂർ നേരമെങ്കിലും ഇറച്ചി മാരിനേറ്റ് ചെയ്യാൻ വെക്കണം. ഒരിക്കലും ഫ്രീസറിൽ വെക്കരുത്. * ഇറച്ചി ഉൾഭാഗത്തും നന്നായി വെന്തു എന്ന് ഉറപ്പാക്കണം * കടയിൽ തിരക്കുണ്ടെങ്കിലും വേവാത്ത ഇറച്ചിവെച്ച് ഷവർമ നൽകരുത് * ഇറച്ചിയുടെ പഴക്കവും പ്രധാനമാണ്. പകുതി വേവിച്ച ഇറച്ചി ഫ്രിഡ്ജിൽവെച്ച് പിറ്റേദിവസം ഉപയോഗിക്കരുത്. അന്നന്ന് ഉപയോഗിച്ചുതീർക്കണം. ജനങ്ങളോട്... * ഭക്ഷണം ആരോഗ്യകരമാണെന്നു ഉറപ്പുവരുത്താനുള്ള ബാധ്യത കഴിക്കുന്നയാൾക്കുമുണ്ട്. * പരിചയമുള്ള, വിശ്വാസ്യതയുള്ള കടകളിൽനിന്ന് മാത്രം ഷവർമ വാങ്ങിക്കഴിക്കുക * ലൈസൻസ് കടകളുടെ മുന്നിൽ പ്രദർശിപ്പിക്കണമെന്നാണു നിയമം. അതിനാൽ കടകൾക്ക് ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. * ഇറച്ചി വേവുന്നുണ്ടെന്നു ഉറപ്പാക്കുക * ആളുകൾ അധികമുണ്ടെങ്കിൽ വാങ്ങാൻ തിരക്ക് കൂട്ടരുത്. ഷവർമ തയാറാക്കുന്നതുവരെ ക്ഷമയോടെ കാത്തുനിൽക്കുക. തിരക്ക് കാട്ടിയാൽ വേവാത്ത ഇറച്ചിവെച്ച് ഷവർമ തന്നേക്കാം * പാർസൽ വാങ്ങിയാൽ ഒരുമണിക്കൂറിനകം കഴിക്കുക. കൂടുതൽ സമയം ഇരിക്കുന്തോറും മയണൈസ് ഭക്ഷ്യയോഗ്യമല്ലാതാകും കോട്ടയത്ത് ഏഴ് കടകൾക്ക് നോട്ടീസ് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സർക്കിളുകളിലെ അൽഫാം, ഷവർമ കടകളിൽ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. വലിയ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇറച്ചിവാങ്ങിയത് എവിടെയാണെന്ന് വ്യക്തമാകാത്തതിനാലും ബിൽ സൂക്ഷിക്കാത്തതിനാലും ഏഴു കടകൾക്ക് നോട്ടീസ് നൽകി. പരിശോധന അടുത്ത ദിവസങ്ങളിലും തുടരും. നഗരസഭ ആരോഗ്യവിഭാഗവും വ്യാപക പരിശോധനക്ക് തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.