കുമരകം: കാത്തിരിപ്പിന് വിരാമമിട്ട് കോണത്താറ്റ് പാലം പുനർനിർമാണത്തിന് അടുത്തയാഴ്ച തുടക്കമകും. പുനർനിർമാണം സംബന്ധിച്ച് ചൊവ്വാഴ്ച കുമരകത്ത് നടന്ന സർവകക്ഷി യോഗത്തിലാണ് ധാരണ. 18 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കും. പെരുമാലിൽ ഗ്രാനൈറ്റ് ആൻഡ്കൺസ്ട്രക്ഷനും പാലത്തറ കൺസ്ട്രക്ഷനും സംയുക്തമായാണ് കരാർ എടുത്തിരിക്കുന്നത്. 7.94 കോടിയാണ് നിർമാണ ചെലവ്. 26.20 മീറ്റർ നീളവും 9.5 മീറ്റർ വീതിയിലുമാകും പാലം. 1.5 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയുമുണ്ടാകും. അപ്രോച്ച് റോഡിന് 13 മീറ്റർ വീതിയുണ്ടാകും. പാലം പുനർനിർമിക്കുന്ന സാഹചര്യത്തിൽ താൽക്കാലിക റോഡും നിർമിക്കും. കോണത്താറ്റ് പാലത്തിന്‍റെ തെക്ക് വശത്താകും താൽക്കാലിക റോഡ്. ആശുപത്രി തോടിന് കുറുകെ നാല് മീറ്റർ ബണ്ട് നിർമിച്ചാണ് റോഡ് സാധ്യമാക്കുക. ഇരുചക്ര വാഹനങ്ങൾ, ലൈറ്റ് മോട്ടോറുകൾ എന്നിവക്കുള്ളതാണ് നിലവിലെ രൂപകൽപന. ഇതുമായി ബന്ധപ്പെട്ട് കുമരകം ആറ്റാമംഗലം പള്ളി പാരിഷ് ഹാളിൽ നടന്ന സർവകക്ഷി യോഗം മന്ത്രി വി.എൻ. വാസവൻ യോഗം ഉദ്ഘാടനം ചെയ്തു. കലക്ടർ, കിഫ്ബി ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി , ബി.എസ്.എൻ.എൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ആറ്റാമംഗലം പള്ളി വികാരി, ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്ട് പ്രതിനിധികൾ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പാലത്തിന്‍റെ നിർമാണം ആറുമാസം കൊണ്ട് പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് പാലത്തറ കൺസ്ട്രക്ഷൻ അധികൃതർ അറിയിച്ചു. ഇതിനായി മൂന്ന് ഷിഫ്റ്റുകളായി ജോലി ക്രമീകരിക്കുമെന്നും ഇവർ പറഞ്ഞു. താൽക്കാലിക റോഡിലൂടെ ബസ് കടന്നുപോകാൻ സൗകര്യം ഒരുക്കണമെന്ന് യോഗത്തിൽ കെ.എസ്.ആർ.ടി.സി പ്രതിനിധികൾ ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിലെ നിർമാണ പ്രവർത്തനം മൂലം കോട്ടയത്തുനിന്ന് ആലപ്പുഴക്ക് കൂടുതൽ ബസുകളും നിലവിൽ കുമരകം വഴിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ താൽക്കാലിക റോഡിലൂടെ ബസ് കടന്നുപോകുന്ന സാഹചര്യം ഒരുക്കിയാൽ നല്ലത്. വൈദ്യുതി പൂർണമായി വിച്ഛേദിക്കുക സാധ്യമല്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കുമരകം , ചീപ്പുങ്കൽ തുടങ്ങിയ പ്രധാന ഫീഡറുകൾ കടന്നുപോകുന്നത് പാലത്തിന് സമീത്ത് കൂടിയാണ്. അതുകൊണ്ട് തന്നെ പൂർണ്മായി വൈദ്യുതി വിച്ഛേദിക്കുക സാധ്യമല്ല. പണം അടച്ചാൽ ഉടൻ തന്നെ വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കൽ ജോലി ആരംഭിക്കുമെന്നും ഇവർ പറഞ്ഞു. പാലത്തിന് സമീപത്തുകൂടി കടന്നുപോകുന്ന കേബിളുകൾ മാറ്റിസ്ഥാപിക്കാൻ ഒരാഴ്ച സമയം ആവശ്യമാണെന്ന് ബി.എസ്.എൻ.എൽ അറിയിച്ചു. പാലം പൊളിച്ചാലും ബസ് സർവിസ് മുടങ്ങാതിരിക്കാൻ സൗകര്യം ഒരുക്കണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോ. ആവശ്യപ്പെട്ടു. ടൂറിസം സീസണാണ്. യാത്രക്ലേശം സഞ്ചാരികളെ ബാധിക്കും. എങ്കിലും വരും കാലത്തെ മുന്നിൽകണ്ട് എല്ലാ സഹകരണവും ഉറപ്പുതരുന്നതായി ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ് പ്രതിനിധി കെ.ജി. ബിനു യോഗത്തിൽ പറഞ്ഞു. ചെറിയപെരുന്നാൾ ആഘോഷിച്ചു കോട്ടയം: ആത്മീയ വിശുദ്ധിയിൽ ചെറിയപെരുന്നാൾ ആഘോഷിച്ചു. കോട്ടയം താലൂക്കിലെ പള്ളികളിലെല്ലാം പെരുന്നാൾ നമസ്കാരം നടന്നു. കോട്ടയം തിരുനക്കര മൈതാനത്ത് നടന്ന സെൻട്രൽ ഈദ്ഗാഹ് കമ്മിറ്റിയുടെ ഈദ്ഗാഹിൽ നിരവധിപേർ പങ്കെടുത്തു. മന്നം ഇസ്ലാമിക കോളജ് പ്രിൻസിപ്പൽ അനസ് വടുതല നേതൃത്വം നൽകി. കോട്ടയം തിരുനക്കര പുത്തൻപള്ളിയിൽ ചീഫ് ഇമാം മഹ്മൂൻ ഹുദവി വണ്ടൂരും കോട്ടയം സേട്ട് ജുമാമസ്ജിദിൽ മൗലവി സാദിഖ് ഖാസിമിയും കോട്ടയം താജ് ജുമാമസ്ജിദിൽ ഫിഫാർ മൗലവി അൽ കൗസരിയും താഴത്തങ്ങാടി ജുമാമസ്ജിദിൽ ഇലവുപാലം ഷംസുദ്ദീൻ മന്നാനിയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. കുമ്മനം ഹനഫി ജുമാമസ്ജിദിൽ ഹാഫിസ് ഹുസൈൻ മൗലവി അൽ കൗസരി, കുമ്മനം ശരിയത്ത് ജുമാമസ്ജിദിൽ സിയാദ് മൗലവി അൽ ഖാസിമി, കുമ്മനം തബ്ലീഗ് മസ്ജിദിൽ നൂഹ് മൗലവി അൽഖാസിമി, കുമ്മനം ചാത്തൻകോട് മാലി മസ്ജിദിൽ ഹാഫിസ് ഇസ്മായിൽ മൗലവി, കുമ്മനം അമ്പൂരം റഹ്മത്ത് മസ്ജിദിൽ അബ്ദുൽ ജബ്ബാർ മൗലവി അൽഖാസിമി, കുമ്മനം അറുപറ ബദർ മസ്ജിദ് ജവാദ് മൗലവി ബാഖവി, അറുപുഴ ഹിദായത്ത് മസ്ജിദിൽ സൽമാൻ മൗലവി, വരിശ്ശേരി ജുമാമസ്ജിദിൽ ഹാഫിസ് നൗഫൽ മൗലവി അൽ ഖാസിമി, കുടയംപടി വട്ടകൊട്ട ജുമാമസ്ജിദിൽ ഹാഫിസ് അയ്യൂബ് മൗലവി അൽ ഖാസിമി, തിരുവാർപ്പ് ജുമാമസ്ജിദിൽ സുലൈമാൻ മുസ്‌ലിയാർ സഅദി, ഇല്ലിക്കൽ ജുമാമസ്ജിദിൽ ഹാഫിസ് ഹാരിസ് മൗലവി അൽ ഖാസിമി അബ്റാരി, നീലിമംഗലം മുസ്ലിം ജമാഅത്തിൽ അബ്ദുൽ സത്താർ അൽ ഖാസിമി, മെഡിക്കൽ കോളജ് ജുമാമസ്ജിദിൽ സദറുദ്ദീൻ ബാഖവി എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.