വിദ്യാര്‍ഥികള്‍ക്കിടയിലെ പ്രണയത്തട്ടിപ്പും ലഹരി ഉപയോഗവും: ജാഗ്രത സമിതി രൂപവത്​കരിച്ചു

കടുത്തുരുത്തി: കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലും അടുത്തകാലത്തായി നടന്ന പ്രണയത്തട്ടിപ്പ് കേസുകൾക്കും വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്താനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹികവിരുദ്ധ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിനുമായി കടുത്തുരുത്തിയില്‍ ജാഗ്രതസമിതി രൂപവത്​കരിച്ചു. സെന്റ് മേരീസ് ഫൊറോന വലിയപള്ളി, സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി എന്നീ ഇടവകകളുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത പള്ളി കമ്മിറ്റി അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും എക്‌സൈസിന്റെയും യോഗത്തിലാണ് തീരുമാനം. എം.എല്‍.എയും പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും ഉ​ൾപ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍നിന്ന്​ പൊലീസ് വിട്ടുനിന്നു. താഴത്തുപള്ളിയുടെയും വലിയപള്ളിയുടെയും നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ത്തത്. പള്ളിയില്‍നിന്ന്​ പൊലീസ് അധികാരികളെയും യോഗത്തിലേക്ക്​ ക്ഷണിച്ചിരുന്നു. എന്നാല്‍, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാലാണ് സമയത്ത് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും യോഗം അവസാനിക്കുംമുമ്പ് മഫ്തിയില്‍ ഗ്രേഡ് എസ്‌.ഐ എം.കെ. സജീവ് യോഗത്തില്‍ എത്തിയെന്നും കടുത്തുരുത്തി എസ്.എച്ച്.ഒ രഞ്ജിത് വിശ്വനാഥ് പറഞ്ഞു. താഴത്തുപള്ളി ഹാളില്‍ ചേര്‍ന്ന യോഗം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പള്ളികളില്‍നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ 101 അംഗ ജാഗ്രത സമിതിക്കാണ് രൂപംനല്‍കുന്നത്. താഴത്തുപള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ വലിയപള്ളി വികാരി ഫാ. അബ്രഹാം പറമ്പേട്ട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ജില്ല പഞ്ചായത്ത്​ അംഗം ജോസ് പുത്തന്‍കാലാ, പഞ്ചായത്ത്​ അംഗങ്ങളായ ജിന്‍സി എലിസബത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.