കോട്ടയം: കോട്ടയം പാമ്പാടിയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി നാലര മാസം ഗർഭിണി. അജ്ഞാതനായ ഒരാൾ മയക്കുമരുന്ന് നൽകിപീഡിപ്പിച്ചു എന്നാണ് പൊലീസിന് നൽകിയ മൊഴി. വയറുവേദനയെതുടർന്ന് കുട്ടിയെ ഞായറാഴ്ച അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഗർഭസ്ഥ ശിശു മരണപ്പെട്ടു.
പാമ്പാടി താലൂക്ക് ആശുപത്രിയിലാണ് പെൺകുട്ടിയെ ആദ്യം എത്തിച്ചത്. ഇവിടെ വച്ചാണ് ഗർഭിണിയാണെന്ന വിവരം സ്ഥിരീകരിച്ചത്. രക്തസ്രാവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭസ്ഥശിശു മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുണ്ട്. ഡി.എൻ.എ സാമ്പിൾ എടുത്ത് അന്വേഷണം തുടരും.
മാതാപിതാക്കൾ നടത്തുന്ന കച്ചവടത്തിൽ സഹായിയായി പോകാറുള്ള പെൺകുട്ടിയെ സാധനം വാങ്ങാമെന്ന് പറഞ്ഞ് മധ്യവയസ്കൻ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് മൊഴി. പീഡനത്തിനു മുൻപ് മയക്കുമരുന്ന് നൽകിയിരുന്നതായും പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ, ഇക്കാര്യങ്ങൾ പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് കൗൺസലിങ് നൽകി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ആകുമോ എന്നും പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ പാമ്പാടി പൊലീസാണ് ആദ്യം പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പിന്നീടാണ് പീഡനം നടന്നത് മണർകാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് അറിഞ്ഞത്. ഇതോടെ കേസ് ഇന്നലെ മണർകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെഎൽ സജിമോന്‍റ മേൽനോട്ടത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.