കോട്ടയം: ശിങ്കാരിമേളത്തിന്റെ അകമ്പടിയിൽ കേക്കുമുറിച്ചും മരം നട്ടും കോട്ടയത്തിന്റെ 75ാം പിറന്നാൾ ആഘോഷത്തിന് കലക്ടറേറ്റിൽ തുടക്കം. ജില്ലയുടെ ഭൂപടവും ഒമ്പതു നിയമസഭ മണ്ഡലവും പലനിറങ്ങളിൽ അടയാളപ്പെടുത്തിയ കേക്ക് കലക്ടറേറ്റിന്റെ കവാടത്തിൽ നടന്ന ചടങ്ങിൽ മുറിച്ചായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
കോട്ടയം @ 75 എഴുതിയ ജില്ലയുടെ ഭൂപടം അടയാളപ്പെടുത്തിയ കേക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും പ്രിൻസിപ്പൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് മിനി എസ്. ദാസും കലക്ടർ വി. വിഘ്നേശ്വരിയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കും സബ് കലക്ടർ ഡി. രഞ്ജിത്തും അഡീ. ജില്ല മജിസ്ട്രേറ്റും ബീന പി. ആനന്ദും ചേർന്നു മുറിച്ചു. തുടർന്ന് ജില്ല പഞ്ചായത്ത് അങ്കണത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഭൂപടം ആലേഖനം ചെയ്ത കേക്കും മുറിച്ചു.
അതിനുശേഷം ജില്ല പഞ്ചായത്ത് പ്രസിഡന്റും കലക്ടറും ജില്ല പൊലീസ് മേധാവിയും സബ് കലക്ടറും അഡീ. ജില്ല മജിസ്ട്രേറ്റും ചേർന്ന് ജില്ല പഞ്ചായത്ത് വളപ്പിൽ പ്ലാവിൻതൈ നട്ടു. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ജൂലൈ ഒന്നുമുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണ് ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്. ഞായറാഴ്ച വൈകീട്ട് മുതൽ കലക്ടറേറ്റിന്റെ പൂമുഖം ദീപാലംകൃതമായിരുന്നു. ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ, പ്ലാനിങ് ഓഫിസർ പി.എ. അമാനത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.