കോട്ടയം: സഹകരണ ബാങ്കുകളിലെ 10 ലക്ഷത്തിനു മുകളിലുള്ള വായ്പയുടെ ജാമ്യവസ്തു വാല്യുവേഷന് അഞ്ചംഗ സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. സഹകരണ സംഘങ്ങളിലെ ഇടപാടുകൾക്കായി ഏകീകൃത സോഫ്റ്റ്വെയർ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 102ാം അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ഏകീകൃത സോഫ്റ്റ്വെയർ സർക്കാർ ചെലവിലായിരിക്കും നടപ്പാക്കുക. ടാറ്റാ കൺസൾട്ടൻസി സർവിസുമായാണ് കരാറിലേർപ്പെടുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് പൂർണ ചുമതല. സഹകരണ സംഘങ്ങളിൽ നിലവിലുള്ള സോഫ്റ്റ്വെയർ നിലനിർത്തിക്കൊണ്ടാവും ഏകീകൃത സോഫ്റ്റ്വെയറിന്റെ പ്രവർത്തനം. സഹകരണ മേഖലയിലെ ഒറ്റപ്പെട്ട ക്രമക്കേടുകൾക്കെതിരെയുള്ള നടപടികൾ ഫലം കാണുകയാണെന്നും മന്ത്രി പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് 124.94 കോടി രൂപ ഇതിനോടകം തിരികെ നൽകി. ശേഷിക്കുന്നവർക്ക് നിക്ഷേപത്തുക മടക്കിക്കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. 12 കോടി രൂപയുടെ പുതിയ നിക്ഷേപവും ബാങ്കിലെത്തി. സ്വർണപ്പണയമടക്കമുള്ള നടപടികൾ കരുവന്നൂർ ബാങ്കിൽ വീണ്ടും തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം സംസ്ഥാന സഹകരണ യൂനിയൻ ചെയർമാനും പ്രമുഖ സഹകാരിയുമായ കോലിയക്കോട് കൃഷ്ണൻ നായർക്ക് മന്ത്രി സമ്മാനിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയതിന് സഹകരണ മന്ത്രിയുടെ കോഓപറേറ്റിവ് ഡേ പുരസ്കാരം ഊരാളുങ്കൽ ലേബർ കേൺട്രാക്ട് സൊസൈറ്റിക്കും സമ്മാനിച്ചു.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി അധ്യക്ഷത വഹിച്ചു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സഹകരണ വകുപ്പ് മുൻ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, ജില്ല കലക്ടർ വി. വിഗ്നേശ്വരി, കെ. രാജേന്ദ്രൻ, അർബൻ ബാങ്ക് ചെയർമാൻ എ.വി. റസൽ, സ്വാഗതസംഘം ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, ഫിലിപ്പ് കുഴികുളം എന്നിവർ സംസാരിച്ചു.
സഹകരണ രജിസ്ട്രാർ ടി.വി. സുഭാഷ് പതാക ഉയർത്തിയതോടെയാണ് ദിനാഘോഷത്തിന് തുടക്കമായത്. സഹകരണദിന പ്രതിജ്ഞയും സഹകരണ രജിസ്ട്രാർ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന സെമിനാറിൽ കോട്ടയം ഗ്രാമകാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സമഗ്ര സഹകരണ നിയമഭേദഗതിയെന്ന വിഷയത്തിൽ റിട്ട. ജോയന്റ് രജിസ്ട്രാർ അഡ്വ. ബി. അബ്ദുല്ല വിഷയാവതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.