കോട്ടയം: നഗരസഭയുടെ തിരുനക്കരയിലെ രാജധാനി ഹോട്ടൽ കെട്ടിടം പൂട്ടി ഏറ്റെടുക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. സർക്കാർ അംഗീകൃത ഏജൻസിയെക്കൊണ്ടു കെട്ടിടത്തിന്റെ ബലപരിശോധന നടത്തും. അപകടകരമായ എടുപ്പുകൾ രണ്ടുദിവസത്തിനകം പൊളിച്ചുനീക്കും.
ഇതിന് ഒന്നരലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എൻജിനീയറിങ് വിഭാഗം തയാറാക്കിയിട്ടുണ്ട്. തുടർനടപടികൾക്കായി സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭരണപക്ഷത്തെ വൈസ് ചെയർമാൻ അടക്കം ഒരു വിഭാഗം അംഗങ്ങളുടെ ഇറങ്ങിപ്പോക്കിനു ശേഷം 18 അംഗ കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. കെട്ടിടത്തിന്റെ ജനാലയിലെ എടുപ്പ് അടർന്നുവീണ് ലോട്ടറിക്കടയിലെ ജീവനക്കാരൻ മരിച്ച സംഭവത്തെ തുടർന്നാണ് അടിയന്തര കൗൺസിൽ യോഗം ചേർന്നത്. റവന്യൂ, ആരോഗ്യ, എൻജിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിരുന്നു.
ഇതനുസരിച്ച് കഴിഞ്ഞ ദിവസം സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്ന് കെട്ടിടത്തിലെ എടുപ്പുകൾ പൊളിച്ചുമാറ്റുന്നതടക്കം തീരുമാനമെടുത്തിരുന്നു. എന്നാൽ, അതുപോരെന്നും കൂട്ടിച്ചേർക്കലുകൾക്ക് അനുവാദം നൽകിയിട്ടില്ലെന്നും നഗരസഭ കെട്ടിടം ഏറ്റെടുക്കണമെന്നും കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
സ്റ്റിയറിങ് കമ്മിറ്റി നടപ്പാക്കണമെന്നായിരുന്നു ഭരണപക്ഷത്തെ ഒരുവിഭാഗത്തിന്റെ ആവശ്യം. കെട്ടിടം പൂട്ടി ഏറ്റെടുക്കാനുള്ള തീരുമാനം സ്റ്റിയറിങ് കമ്മിറ്റിയിലുണ്ടായിരുന്നില്ല.
ഇതോടെ തങ്ങൾ ഇറങ്ങിപ്പോകുകയാണെന്ന് വൈസ് ചെയർമാൻ പ്രഖ്യാപിക്കുകയായിരുന്നു. ചില യു.ഡി.എഫ് അംഗങ്ങൾ ഇതിനുമുമ്പേ പോയിരുന്നു. തുടർന്ന് അവശേഷിച്ച എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർമാരാണ് തീരുമാനമെടുത്തത്. കൗൺസിലർമാരിൽ ചിലർ പണം വാങ്ങിയാണ് കെട്ടിടത്തിലെ അനധികൃത നിർമാണങ്ങൾ നടത്തിയതെന്ന് പുറത്ത് സംസാരമുണ്ടെന്നും അതിന്റെ പാപഭാരം തങ്ങൾ ഏൽക്കില്ലെന്നും എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.