കോട്ടയം: രാജധാനി കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്ന് സിമന്റ് പാളി വീണ് യുവാവ് മരിച്ച സംഭവത്തിൽ 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ മുനിസിപ്പാലിറ്റിയിൽ.
രാജധാനിയുടെ താഴെ പ്രവർത്തിച്ചിരുന്ന ലോട്ടറി സെന്ററിലെ ജീവനക്കാരനായിരുന്ന ജിനോ കെ. എബ്രഹാമിന്റെ ഭാര്യ ഷീജ മോൾ മാത്യുവാണ് പരാതിക്കാരി.
ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പരാതിക്കാരിയെ കേൾക്കാൻ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരമാണ് അഭിഭാഷകൻ ഉബൈദത്തുമൊന്നിച്ച് ഷീജമോൾ മുനിസിപ്പൽ കൗൺസിലിലെത്തിയത്. രണ്ടുമക്കളും വയോധികയായ മാതാവും അടങ്ങുന്ന കുടുംബത്തിന്റെ അത്താണി ആയിരുന്നു ജിനോയെന്ന് ഷീജമോൾ പറഞ്ഞു. വിദേശത്തായിരുന്ന ഇയാൾ കോവിഡ് സമയത്തെ പ്രതിസന്ധിക്കിടയിലാണ് നാട്ടിലെത്തിയത്.
മടങ്ങിപ്പോകാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് താൽക്കാലികമായി ലോട്ടറി സെന്ററിൽ ജോലിക്കെത്തിയത്. ജിനോയുടെ മരണത്തോടെ കുടുംബം അനാഥമായി. ആശുപത്രിയിലെ ബില്ലിങ് സെക്ഷനിലാണ് താൻ ജോലി ചെയ്യുന്നത്. ആസ്ത്മ രോഗിയായ തനിക്ക് മാസം 4000 രൂപ മരുന്നിനുവേണം. പ്ലസ് വൺ വിദ്യാർഥിയായ മകന്റെയും ആറാംക്ലാസ് വിദ്യാർഥിയായ മകളുടെയും പഠനച്ചെലവുകൾക്കും വയോധികയായ മാതാവിന്റെ ചികിത്സച്ചെലവുകൾക്കും വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്.
വീടിന്റെ വായ്പ അടച്ചുതീർക്കാനുമുണ്ട്. തനിക്ക് നഷ്ടപരിഹാരത്തോടൊപ്പം ജോലി നൽകുന്ന കാര്യം കൂടി പരിഗണിക്കണമെന്നും ഷീജമോൾ ആവശ്യപ്പെട്ടു. ഇവരുടെ ഭാഗം ചേർത്ത് വിശദമായ റിപ്പോർട്ട് അടുത്ത കൗൺസിലിൽ ചർച്ച ചെയ്യാമെന്ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.
ഇതെന്തൊരു അടിയന്തര ചർച്ച!...
കോട്ടയം: അഞ്ചുവിഷയങ്ങൾക്കായി വിളിച്ച അടിയന്തര കൗൺസിൽ യോഗം ചർച്ച നടത്തി കളഞ്ഞത് മൂന്നുമണിക്കൂറിലേറെ സമയം. 2.30ന് തുടങ്ങിയ കൗൺസിൽ 5.45നാണ് അജണ്ട എടുത്തത്.
അപ്പോഴേക്കും പല കൗൺസിലർമാരും ഇറങ്ങിപ്പോയിരുന്നു. ആറുമണിയോടെ കൗൺസിൽ പിരിയുകയും ചെയ്തു. അജണ്ട ചർച്ച ചെയ്ത ശേഷം സംസാരിക്കാമെന്ന് ചെയർപേഴ്സൻ തുടക്കംമുതലേ പറയുന്നുണ്ടായിരുന്നെങ്കിലും ആരും കേട്ടില്ല. തങ്ങൾക്ക് പറയാനുള്ളത് മുഴുവൻ പറഞ്ഞേ എല്ലാവരും അടങ്ങിയുള്ളൂ.
ഹരിതകർമസേനക്ക് ശമ്പളം കൊടുക്കാത്ത വിഷയത്തിൽ കൗൺസിലർമാർ തമ്മിൽ കയ്യേറ്റം വരെ എത്തുകയും ചെയ്തു. രാജധാനി കെട്ടിടത്തിൽനിന്ന് സിമന്റ് പാളി വീണ് മരിച്ച ജിനോ കെ. എബ്രഹാമിന്റെ ഭാര്യയോട് 2.30 ന് എത്താനാണ് ആവശ്യപ്പെട്ടിരുന്നത്.
ഇവരെ കൗൺസിലിലേക്ക് വിളിപ്പിച്ചത് 5.50നാണ്. പല ചോദ്യങ്ങൾക്കും സെക്രട്ടറി മറുപടി പറയണമെന്ന് അംഗങ്ങളും ചെയർപേഴ്സനും ആവശ്യപ്പെട്ടെങ്കിലും അജണ്ടയെടുക്കാതെ മറുപടി പറയില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതോടെ അജണ്ട വായിച്ച് കൗൺസിൽ അവസാനിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.