കോട്ടയം: ഭാഷ സ്നേഹികളിൽ കൗതുകം നിറക്കുന്ന മറിയപ്പള്ളിയിലെ അക്ഷരം മ്യൂസിയം അടുത്തമാസം തുറക്കും. രാജ്യത്തെ ആദ്യ അക്ഷരമ്യൂസിയമെന്ന വിശേഷണത്തോടെ തുടക്കമിടുന്ന ഇവിടെയെത്തിയാൽ ലോക-മലയാള ഭാഷയുടെ പരിണാമം, വളർച്ച എന്നിവ അടുത്തറിയാം. 15 കോടി ചെലവിട്ടുള്ള മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് പൂർത്തിയായത്. ആഗസ്റ്റ് രണ്ടാംവാരം ഉദ്ഘാടനം നടത്താനാണ് തീരുമാനം. ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലിക മുഖംവരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളാകും ആദ്യഘട്ടത്തിലെ പ്രത്യേകത. ലോകത്തിലെ വിവിധ ലിപികളെ പരിചയപ്പെടുത്തുന്നതിനൊപ്പം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ലോകഭൂപടത്തിൽ തൊടുമ്പോൾ അവിടുത്തെ ഭാഷകളും അതിന്റെ പ്രത്യേകതകളും അറിയാൻ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിഡിയോ ഗ്യാലറികളും വിവിധ വിഷയങ്ങളിൽ ഡിജിറ്റൾ വാളുകളുമുണ്ടാകും. ഭാഷയുടെ വികാസം വിശദമാക്കുന്ന മൾട്ടിമീഡിയ പ്രദർശനവുമുണ്ടാകും.ഇതിനൊപ്പം 60 പേർക്ക് ഇരിക്കാൻ കഴിയുന്ന തീയേറ്ററുമുണ്ട്. ഇതിൽ പ്രദർശിപ്പിക്കാൻ ഏട്ട് ഡോക്യൂമെന്ററികളും തയാറാക്കിയിട്ടുണ്ട്. കാരൂർ നീലകണ്ഠപിള്ളയുടെ പ്രതിമയും മ്യൂസിയത്തിനൊപ്പം സ്ഥാപിക്കും. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ (എസ്.പി.സി.എസ്) ഉടമസ്ഥതയിൽ നാട്ടകം മറിയപ്പള്ളിയിലെ സ്ഥലത്താണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. എം.സി റോഡിനോട് ചേർന്നുള്ള മ്യൂസിയത്തിന്റെ മേൽനോട്ടവും എസ്.പി.സി.എസിനാണ്.
ചരിത്രവിദ്യാർഥികൾക്കും ഭാഷാസ്നേഹികൾക്കും ഗവേഷകർക്കും പഠനത്തിനും പ്രയോജനപ്പെടുന്ന തരത്തിലാണ് മ്യൂസിയമെന്ന് എസ്.പി.സി.എസ് അധികൃതർ പറഞ്ഞു. ലോകഭാഷ ലിപികൾ സമാഹരിച്ച് സ്ഥാപിക്കപ്പെട്ടിട്ടുള്ള മ്യൂസിയം രാജ്യത്ത് വേറെയില്ല. സംവാദങ്ങൾക്കും ആശയപ്രചാരണത്തിനും ചർച്ചാവേദികൾക്കുമുള്ള ഇടമായി ഭാവിയിൽ മ്യൂസിയത്തെ മാറ്റാൻ ലക്ഷ്യമിടുന്നുണ്ടെന്നും അവർ പറഞ്ഞു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് കെട്ടിടം നിർമിച്ചത്. മ്യൂസിയത്തിനുള്ളിൽ ഗ്യാലറികൾ ഒരുക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഇതും പൂർത്തിയാകും. വൈദ്യൂതി കണക്ഷൻ അടക്കമുള്ളവയുടെ നടപടികളും പുരോഗമിക്കുകയാണ്. അടുത്തഘട്ടങ്ങളുടെ നിർമാണത്തിനും ഉടൻ തുടക്കമാകും. ഇതിനായി 11.30 കോടിയുടെ പദ്ധതിക്ക് സർക്കാറിന്റെ സാങ്കേതിക അനുമതി ലഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ ഇന്ത്യൻ ഭാഷകളെയും ലോക ഭാഷകളെയും വിശദമായി ഉൾക്കൊള്ളിക്കും. മൂന്ന്, നാല് ഘട്ടങ്ങളിലായി മലയാള സാഹിത്യത്തിന്റെ വിവിധ ശാഖകളെ അടയാളപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.