ഏഴാംതീയതിക്കുമുമ്പ് ശമ്പളം നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഈ വർഷം ഇൻക്രിമെന്റും ലഭിച്ചിട്ടില്ല. സർക്കാർ ഫണ്ട് ലഭിച്ചില്ലെന്നാണ് കമ്പനി അധികൃതർ പറയുന്നത്. തങ്ങളുടെ കഷ്ടപ്പാട് ആരോട് പറയുമെന്നാണ് ജീവനക്കാരുടെ ചോദ്യം. സമരം നീളുമ്പോഴും ശമ്പളം നൽകി ജീവനക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. രണ്ടാംതവണയാണ് ജീവനക്കാർ ശമ്പളത്തിനായി സമരത്തിനിറങ്ങുന്നത്
കോട്ടയം: ശമ്പളം ആവശ്യപ്പെട്ട് 108 ആംബുലൻസ് ജീവനക്കാരുടെ സമരം അഞ്ചാംദിവസത്തിലേക്ക്. ജൂണിലെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങിയത്. ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കുള്ള റഫറൽ രോഗികളെ എടുക്കുന്നത് ഒഴിവാക്കിയാണ് പ്രതിഷേധം. വാഹനാപകടങ്ങളിൽപെട്ടവരെയും അടിയന്തിര സാഹചര്യങ്ങളിലുള്ള മറ്റ് രോഗികളെയും ആശുപത്രികളിലെത്തിക്കുന്നതിന് തടസ്സമില്ലെന്ന് ജീവനക്കാർ പറയുന്നു. 2019 മുതലാണ് എല്ലാ ജില്ലയിലും 108 ആംബുലൻസ് സർവിസ് തുടങ്ങുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവിസ് കമ്പനിക്കാണ് നടത്തിപ്പുചുമതല. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ഇവരുടെ ഓഫിസ് പ്രവർത്തിക്കുന്നത്. ഏഴാംതീയതിക്കുമുമ്പ് ശമ്പളം നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഈ വർഷം ഇൻക്രിമെന്റും ലഭിച്ചിട്ടില്ല. സർക്കാർ ഫണ്ട് ലഭിച്ചില്ലെന്നാണ് കമ്പനി അധികൃതർ പറയുന്നത്. തങ്ങളുടെ കഷ്ടപ്പാട് ആരോട് പറയുമെന്നാണ് ജീവനക്കാരുടെ ചോദ്യം. സ്കൂൾ തുറന്നതും മഴയും വെള്ളപ്പൊക്കവും പല കുടുംബങ്ങളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
അത്യാവശ്യത്തിന് പോലും പണമില്ലാത്ത അവസ്ഥ. ഈ വരുമാനം മാത്രമുള്ളവർ ദുരിതത്തിലാണ്. ആംബുലൻസ് കേടായാൽ പകരം വാഹനം തന്ന ശേഷമാണ് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകേണ്ടത്. എന്നാൽ പകരം ആംബുലൻസ് ലഭിക്കില്ല. നിരന്തരം ആവശ്യപ്പെട്ടാൽ മാത്രമാണ് പണി തീർത്തുതരിക.
കോവിഡ് സമയത്ത് രോഗഭീതിക്കിടയിലും രാപ്പകൽ പണിയെടുത്തവരാണ് 108 ആംബുലൻസ് ജീവനക്കാർ. എന്നാൽ ഇവർക്ക് അതിനുള്ള അംഗീകാരമോ ആനുകൂല്യങ്ങളോ നൽകിയിട്ടില്ല. സമരം നീളുമ്പോഴും ശമ്പളം നൽകി ജീവനക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. രണ്ടാംതവണയാണ് ജീവനക്കാർ ശമ്പളത്തിനായി സമരത്തിനിറങ്ങുന്നത്. ഇതോടെ ആശുപത്രികളിൽനിന്നുള്ള റഫറൽ രോഗികളെ കൊണ്ടുപോകാൻ സ്വകാര്യആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം. ജില്ല ജനറൽ ആശുപത്രിയിൽനിന്ന് നിത്യവും നിരവധി രോഗികളെയാണ് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാറുള്ളത്.
17 ആംബുലൻസുകളാണ് ജില്ലയിലുള്ളത്. ഇതിൽ ഒമ്പതെണ്ണം 24 മണിക്കൂർ പ്രവർത്തിക്കുന്നവയും എട്ടെണ്ണം 12 മണിക്കൂർ പ്രവർത്തിക്കുന്നവയുമാണ്. നഴ്സും ഡ്രൈവറും അടക്കം രണ്ടുപേരാണ് ഒരു ആംബുലൻസിലുണ്ടാവുക. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആംബുലൻസിൽ രണ്ട് ഷിഫ്റ്റായാണ് ഡ്യൂട്ടി. സ്ത്രീകളും പുരുഷൻമാരും അടക്കം ജില്ലയിൽ 65 പേർ ജീവനക്കാരായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.