പാലാ: ഓർമകൾ പുതുക്കി ബംഗാൾ ഗവർണർ ഡോ.സി. വി. ആനന്ദബോസ് പാലാ റവന്യൂ ഡിവിഷനൽ ഓഫിസിൽ. ഞായാഴ്ചയാണ് തന്റെ പഴയ തട്ടകമായിരുന്ന പാലാ റവന്യൂ ഡിവിഷനൽ ഓഫിസിലേക്ക് അദ്ദേഹം വീണ്ടുമെത്തിയത്.1980 ജൂലൈ മുതൽ 81 വരെ ആഗസ്റ്റ്വരെ പാലാ സബ് കലക്ടറായി ആനന്ദബോസ് പ്രവർത്തിച്ചിരുന്നു. അന്ന് ഈ ഓഫിസായിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം.
അക്കാലത്ത് ഒപ്പം ജോലിചെയ്തിരുന്ന റിട്ട.എ.ഡി.എം ടി.ജി. രവീന്ദ്രൻ നായർ , റിട്ട.തഹസിൽദാർ ഗോപകുമാർ, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ നീലകണ്ഠൻ നായർ, ഡ്രൈവർ പി. എസ്. ജോയ് എന്നിവർ ഗവർണറെ സന്ദർശിച്ച് സൗഹൃദം പുതുക്കി. പാലാ ആർ.ഡി.ഒ പി.ജി. രാജേന്ദ്രബാബുവിന് ‘ഗവർണേഴ്സ് ചെയർ’ എന്ന പേരിൽ എക്സിക്യൂട്ടീവ് ചെയർ സമ്മാനിച്ചു. ഓഫിസ് സ്റ്റാഫിന് മധുരപലഹാരവും വിതരണം ചെയ്തു. പശ്ചിമ ബംഗാൾ രാജ്ഭവന്റെ ചിത്രം ആലേഖനം ചെയ്ത ലോഹഫലകവും ആർ.ഡി.ഒക്ക് സമ്മാനിച്ചു.
ഡോ. സി.വി. ആനന്ദബോസ് രചിച്ച ‘ആശയങ്ങളുടെ തമ്പുരാൻ’ എന്ന പുസ്തകവും വിതരണം ചെയ്തു.ചുമതല വഹിച്ചിരുന്ന കാലയളവിൽ ആനന്ദബോസ് തീർപ്പാക്കിയതും ഓഫിസിൽ സൂക്ഷിച്ചിരുന്നതുമായ പ്ലാന്റേഷൻ ടാക്സുമായി ബന്ധപ്പെട്ട 1981 ലെ ഒരു ഫയൽ ഓർമ പുതുക്കുന്നതിനായി നിലവിലെ ജീവനക്കാർ അദ്ദേഹത്തെ കാട്ടി.
സമ്മാനമായി ജീവനക്കാർ െമമന്റോയും നൽകി. ജീവനക്കാരോടൊപ്പം സമയം ചെലവഴിച്ചശേഷം ഒന്നരയോടെ ഗവർണർ മടങ്ങി.മീനച്ചിൽ തഹസിൽദാർ കെ.എം. ജോസുകുട്ടി, ഭൂരേഖാ തഹസിൽദാർ സുനിൽകുമാർ, സീനിയർ സൂപ്രണ്ട്, ഷാഹിന രാമകൃഷ്ണൻ എന്നിവർ സന്ദർശനവേളയിൽ ഗവർണർക്ക് ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.