കോട്ടയം: ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് അറിഞ്ഞെത്തിയ പൊലീസിനുനേരെ ആക്രമണം. യുവാവിന്റെ കൈ കൊണ്ടുള്ള ഇടിയേറ്റ് പാമ്പാടി സ്റ്റേഷനിലെ സി.പി.ഒ ജിബിൻ ലോബോയുടെ മൂക്കിനും കണ്ണിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ മൂക്കിന് പൊട്ടലുണ്ട്. അടുത്തദിവസം ശസ്ത്രക്രിയ നടത്തും.
ഞായറാഴ്ച രാത്രി 10.20നാണ് സംഭവം. ഭാര്യയും ഭർത്താവും തമ്മിൽ രണ്ടുമൂന്നുമാസമായി വഴക്കുണ്ടായിരുന്നു. യുവതിയുടേത് രണ്ടാം വിവാഹവും യുവാവിന്റേത് ആദ്യവിവാഹവുമാണ്. യുവതിക്ക് ആദ്യ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. മൂന്നാമതൊരു മകൻകൂടി ഉണ്ടെന്നറിഞ്ഞതോടെ യുവാവ് ഇവരുമായി വഴക്കുണ്ടാക്കി വീട്ടിൽനിന്ന് ഇറക്കിവിട്ടു.
തുടർന്ന് യുവതി കേസ് കൊടുത്തതോടെ പൊലീസ് ഇടപെട്ട് വീട്ടിൽ താമസിപ്പിച്ചു. ഇവിടെനിന്ന് ഇറക്കിവിടാൻ ഇയാൾ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞദിവസം രാത്രി യുവാവ് എത്തിയപ്പോൾ ഭാര്യ വീടിന്റെ വാതിൽ അടച്ചിട്ടു. ഇയാൾ അക്രമാസക്തനായതോടെയാണ് ഭാര്യ പൊലീസ് സഹായം തേടി സ്റ്റേഷനിലേക്ക് വിളിച്ചത്.
വിവരമറിഞ്ഞ് നൈറ്റ് പട്രോളിങ് നടത്തിയിരുന്ന ജിബിൻ ലോബോയും മറ്റൊരു എസ്.ഐയും ചേർന്ന് പാമ്പാടിയിലെ വീട്ടിലെത്തി. ഇവരെത്തുമ്പോൾ യുവാവ് അടഞ്ഞുകിടന്ന വാതിൽ കുത്തിപ്പൊളിക്കാനുള്ള ശ്രമത്തിലായിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാളെ അകത്തുവിടരുതെന്നും അപ്പുറത്ത് സഹോദരങ്ങളുടെ വീടുണ്ടെന്നും അങ്ങോട്ടുപോകാൻ പറയാനും യുവതി അകത്തുനിന്ന് വിളിച്ചുപറഞ്ഞു.
സഹോദരങ്ങളുടെ വീട് എവിടെയാണെന്ന് ചോദിച്ച യുവാവിനോട് കാണിച്ചുതരാമെന്നുപറഞ്ഞ് പൊലീസിനെയും കൂട്ടി ഇരുട്ടിലേക്ക് മാറി. പെട്ടെന്ന് ഇയാൾ ജിബിന്റെ മുഖത്തിടിച്ച് ഓടിമറയുകയായിരുന്നു. ഉടൻ പാമ്പാടിയിലെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലുമെത്തിച്ചു. അവിടെനിന്ന് തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.