കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്തുനിന്ന് മണ്ണ് കടത്താൻ കരാറുകാരന്റെ ശ്രമം. നഗരസഭ കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്ന് മണ്ണെടുപ്പ് നിർത്തിവെച്ചു. നവകേരള സദസ്സിനായി ബസ് സ്റ്റാൻഡ് മണ്ണിട്ടു നികത്തിയിരുന്നു.
ഈ മണ്ണാണ് കെട്ടിടം പൊളിക്കുന്ന കരാറുകാരൻ നീക്കിയത്. മണ്ണെടുത്ത് മിനിലോറിയിലാക്കി കൊണ്ടുപോകുകയായിരുന്നു. ആര്യ ഭവൻ ഹോട്ടലിനോടു ചേർന്ന് 15 അടി വീതിയിലും ഒരു മീറ്റർ താഴ്ചയിലും കരാറുകാരൻ മണ്ണെടുത്തിരുന്നു. കഴിഞ്ഞ ദിവസം കൽപക സൂപ്പർമാർക്കറ്റിനു സമീപത്ത് മണ്ണെടുക്കാൻ തുടങ്ങിയപ്പോൾ ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഒന്നിച്ച് പ്രതിഷേധവുമായി എത്തി. എടുത്ത മണ്ണ് തിരിച്ചിടണമെന്നാവശ്യപ്പെട്ട് കരാറുകാരനെതിരെ പൊലീസിൽ പരാതി നൽകിയെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ അറിയിച്ചു. ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കൽ പൂർത്തിയായിട്ടില്ല. 15 ദിവസത്തെ പണികൂടി ബാക്കിയുണ്ട്. ഇതിനിടയിലാണ് നവകേരള സദസ്സ് വന്നത്. പരിപാടിക്കായി പണി നിർത്തി സ്റ്റാൻഡ് വിട്ടുകൊടുത്തിരുന്നു. സ്റ്റാൻഡ് മണ്ണിട്ടുനികത്തിയാണ് നവകേരള സദസ്സ് നടത്തിയത്. കെട്ടിടം പൊളിച്ച് അവശിഷ്ടങ്ങൾ നീക്കി സ്റ്റാൻഡ് റോഡിന്റെ നിരപ്പിലാക്കി നൽകണമെന്നാണ് കരാർ. ഇതിന്റെ മറവിലാണ് കരാറുകാരൻ മണ്ണെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.