കോട്ടയം: നാട്ടകം കോളജിന് സമീപം കാവിൽ ക്ഷേത്ര പ്രവേശനഭാഗത്ത് താഴ്ന്നനിലയിൽ സ്ഥിതിചെയ്യുന്ന കേബിളുകളും വൈദ്യുതിലൈനുകളും അപകടക്കെണിയാകുന്നു. കുരുക്കൊരുക്കി താഴ്ന്നുകിടക്കുന്ന കേബിളുകളും വൈദ്യുതിലൈനുകളും മൂലം യാത്രക്കാരും ഉയർന്ന വാഹനങ്ങളുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
താഴ്ന്നുകിടന്ന കേബിളിൽ കുരുങ്ങി നഗരത്തിൽ ബൈക്ക് യാത്രികന് പരിക്കേൽക്കുകയും ഒരുജീവൻ നഷ്ടപ്പെട്ട സംഭവമുണ്ടായത് മാസങ്ങൾക്ക് മുമ്പാണ്. ചങ്ങനാശേരി വടക്കേക്കരയിൽ റോഡരികിലെ കേബിൾലൈനിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചിരുന്നു.
ലോറികൾ, ട്രക്ക്, ടൂറിസ്റ്റ് ബസുകൾ തുടങ്ങി ഉയരമുള്ള വാഹനങ്ങൾ ഇതുവഴി കടന്നുപോകുമ്പോൾ കേബിളും വൈദ്യുതി ലൈനും കുരുങ്ങുന്നത് പതിവ് സംഭവമാണ്. നിരവധി വാഹനങ്ങളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഈ വാഹനങ്ങളെല്ലാം കേബിളുകളിൽ കുടുങ്ങുന്നതും പതിവാണ്. ഇതോടൊപ്പം എം.സി റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. തിരക്കേറിയ കോളജ് ജങ്ഷനിൽ വാഹനങ്ങൾ കടന്നുപോകാനും പ്രയാസകരമാണ്.
ജീവനക്കാർ വാഹനത്തിൽനിന്ന് ഇറങ്ങിയോ ഇതേ വാഹനത്തിന്റെ മുകളിൽ കയറിയോ പ്രദേശവാസികളുടെ സഹായത്തോടെയും അല്ലാശതയും കേബിളുകൾ ഉയർത്തിയശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. വൈദ്യുതാഘാതം ഏൽക്കുന്നതടക്കമുള്ള അപകടത്തിനും ഇത് കാരണമാകും. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന്റെ ഭാഗത്തും ലൈനുകൾ കുരുങ്ങിക്കിടക്കുന്ന നിലയിലാണ്. നഗരത്തിൽ അങ്ങോളമിങ്ങോളം നിരവധിയിടങ്ങളിലാണ് സമാനമായ രീതിയിൽ ലൈനുകൾ താഴ്ന്നുകിടക്കുന്നുണ്ട്. ഗുരുതരമായ ഈ വിഷയത്തിൽ അധികൃതർ ഇപ്പോഴും നിസംഗത തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.