കളിയല്ല ഈ കളിമൺ പാത്രങ്ങൾ

കോട്ടയം: കാലത്തിനനുസരിച്ച് കോലംമാറിയെത്തുകയാണ് കളിമൺ പാത്രങ്ങൾ. ഇരുമ്പും അലുമിനിയവും സ്റ്റീലും കടന്ന് നോൺസ്റ്റിക്കുവരെ എത്തിയ പാചകപാത്രങ്ങളുടെ പരിണാമചക്രത്തിൽ പെട്ടെന്നാണ് കളിമൺ പാത്രങ്ങൾ തിരിച്ചുവരുന്നത്. കുടവും കലവും കറിച്ചട്ടിയും ചെടിച്ചട്ടിയും മാത്രം നിർമിച്ചിരുന്ന മൺപാത്ര വ്യവസായ വിപണന മേഖലക്ക് പുത്തൻ ഉണർവാണിത്. പ്രാചീന വേഷം വെടിഞ്ഞ് വ്യത്യസ്തരൂപത്തിലും നിറത്തിലും ആകൃതിയിലും കളിമൺ പാത്രങ്ങൾ ആവ‍ശ്യക്കാരെ തേടിയെത്തുന്നു.

ആധുനിക അടുപ്പുകളിൽ എളുപ്പം ഉപയോഗിക്കാമെന്നതും പഴമയുടെ സ്വാദ് ഒട്ടും ചോരാതെ കിട്ടുമെന്നതുമാണ് പുതുതലമുറക്ക് കളിമൺപാത്രങ്ങൾ ഹരമാക്കുന്നത്. ദോശച്ചട്ടി, അപ്പച്ചട്ടി, ഫ്രൈപാൻ, പുട്ടുകുറ്റി, ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ, പ്രതിമകൾ, വിളക്കുകൾ, കൂജകൾ എന്നിവയെല്ലാം ലഭ്യമാണ്. ഇൻഡക്ഷൻ കുക്കറിൽ ഉപയോഗിക്കാവുന്ന മൺപാത്രങ്ങൾവരെ വിപണിയിലുണ്ട്.

എം.സി.റോഡിലും ബൈപാസുകളിലും ദിവസേന എന്ന വിധം കളിമൺപാത്ര വില്പന ശാലകൾ തുറക്കുന്നത് സ്വീകാര്യതയെ സൂചിപ്പിക്കുന്നു. പുട്ടുകുറ്റിക്ക് 380 രൂപയാണ് വില, കറിച്ചട്ടി -120 രൂപ മുതലും വിൽക്കുന്നുണ്ട്. നാലു മുതൽ 4000 രൂപവരെ വില വരുന്ന മൺപാത്രങ്ങൾ വിപണിയിലുണ്ട്. ഏറ്റവും കൂടുതൽ ആവശ്യക്കാർ കറിച്ചട്ടികൾക്കാണെന്ന് ഏറ്റുമാനൂർ ബൈപാസിൽ കളിമൺ പാത്രങ്ങൾ വിൽക്കുന്ന മണി പറയുന്നു.

കട്ടച്ചിറയിൽ കളിമൺ പാത്രങ്ങൾ നിർമിക്കുന്നവരുടെ സഹകരണസംഘത്തിന് കാലം അനുകൂലമാണ്. സ്ഥാപനത്തിൽ നിർമിക്കുന്നതിനു പുറമെ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന കളിമൺ ഉൽപന്നങ്ങളും ഇവിടെ വൻതോതിൽ വിറ്റഴിയുന്നു. സമ്മാനങ്ങൾ നൽകുന്നതിലും കളിമണ്ണിന് പ്രാധാന്യം വർധിക്കുകയാണെന്ന് സെറാമിക് ഉൽപന്നങ്ങൾ വിൽക്കുന്ന മറീന ഓർബിസ് ഉടമകൾ പറയുന്നു.

കണ്ണഞ്ചിക്കുന്ന നിറങ്ങളിൽ ചെടിച്ചട്ടികളും ഡിന്നർസെറ്റുകളും വിപണിയിലുണ്ട്. പുതിയ വീടുകൾ നിർമിക്കുന്നവരാണ് ഇത്തരം ഉൽപന്നങ്ങളുടെ ആവശ്യക്കാർ. ആഡംബര വിൽപനശാലകൾ മുതൽ വഴിയരികിൽ കൂട്ടിയിട്ട് വിൽക്കുന്നവർക്കുവരെ കച്ചവടം കൂടിയതോടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് ലോഡുകണക്കിന് കളിമൺ പാത്രങ്ങളാണ് എത്തുന്നത്. 

Tags:    
News Summary - clay pots manufacturing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.