കോട്ടയം: മീനച്ചിലാറിന്റെ തീരത്ത് താഴത്തങ്ങാടിയിൽ നടക്കുന്ന സംരക്ഷണഭിത്തി നിർമാണത്തിനെതിരെ നാട്ടുകാർ രംഗത്ത്. നിർമാണ പ്രവർത്തനങ്ങൾക്കിടെ തീരമിടിഞ്ഞ് റോഡും വൈദ്യുതിപോസ്റ്റും അപകടാവസ്ഥയിലായതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തീരം ഇടിഞ്ഞ ഭാഗം കൂടുതൽ ഇടിയാതിരിക്കാൻ പടുത ഇട്ട് മൂടിയിരിക്കുകയാണ് ഇപ്പോൾ. കോട്ടയം-കുമരകം പാതയിലെ താഴത്തങ്ങാടി ഭാഗത്ത് നാലു ദിവസമായി വാഹനങ്ങൾ ഒരു വരിയായി നിയന്ത്രിച്ചിട്ടുണ്ട്.
മന്ത്രി റോഷി അഗസ്റ്റിൻ അനുവദിച്ച 50 ലക്ഷം രൂപയുടെ തീരസംരക്ഷണ പദ്ധതിയാണ് നിലവിൽ താഴത്തങ്ങാടി ആലുംമൂട് മുതൽ അറുപുഴ വരെ തീരത്ത് നടന്നു വരുന്നത്. അറുപുഴ മുതൽ ആലുംമൂട് വരെ 500 മീറ്റർ നീളമാണുള്ളത്. ഈ തീരപ്രദേശത്ത് വെറും 176 മീറ്റർ മാത്രമാണ് ഭിത്തി നിർമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അതും തുടർച്ചയില്ലാതെ, വിവിധ സ്ഥലങ്ങളിൽ. എന്നാൽ, ഈ 500 മീറ്റർ നീളമുള്ള തീരത്ത് 48, 47, 25 വാർഡുകളിലെ 300ൽപരം കുടുംബങ്ങൾ താമസിക്കുന്നിടത്ത് ദുരിതം വിതച്ച് മീനച്ചിലാറ്റിൽനിന്ന് വെള്ളം കയറി എത്തുന്ന പുത്തൻകടവ് അറുപുഴ ജങ്ഷൻ ഭാഗം നിർമാണ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കി.
2022ൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വേനൽക്കാലത്ത് പണി നടത്താതെ മഴ ശക്തമായ സമയത്തുതന്നെ പണി തുടങ്ങിയത് ആരുടെ സമ്മർദം മൂലമാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. താഴത്തങ്ങാടി ബസ് ദുരന്തത്തെ തുടർന്ന്, 12 വർഷം മുമ്പ് 3.25 കോടി രൂപ ചെലവിലാണ് 300 മീറ്റർ നീളം വരുന്ന അറുപുഴ-പാറപ്പാടം ആറ്റുതീര സംരക്ഷണം നടത്തിയത്. സമാനരീതിയിൽ 47, 48, 25 വാർഡുകളിലേക്ക് ആറ്റിൽനിന്ന് വെള്ളം കയറാത്ത വിധം നടപ്പാതയോടു കൂടിയ തീരസംരക്ഷണ ഭിത്തിയാണ് വേണ്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പദ്ധതിക്ക് അനുമതി ലഭിച്ചപ്പോൾ പ്രദേശവാസികൾ ഉൾപ്പെടെ ആരോടും കൂടിയാലോചന നടത്താതെ, അശാസ്ത്രീയ രീതിയിൽ നിർമാണം ആരംഭിക്കുകയുമാണ് ചെയ്തത്. 42 ലക്ഷം രൂപ ആറ്റിൽ ഒഴുക്കുന്ന നിർമാണം നിർത്തിവെക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.