ഗാന്ധിനഗർ: മെഡിക്കൽ കോളജ് കാൻസർ ചികിത്സ വിഭാഗത്തിൽ രോഗികളുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് സുരക്ഷജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരുമായി വാക്കുതർക്കം. ബുധനാഴ്ച രാവിലെയാണ് സംഭവം.
രോഗികളുമായി എത്തുന്ന വാഹനങ്ങൾ കാൻസർ വാർഡിന്‍റെ സമീപത്ത് നിർത്തിയിടുവാൻ പാടില്ലെന്നും വാഹനങ്ങൾ പാർക്കിങ് മൈതാനത്ത് ഇടണമെന്നും സുരക്ഷ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ, രോഗികൾക്ക് ഒ.പിക്ക് പുറത്ത് ഇരിക്കുവാനുള്ള സൗകര്യമില്ലാത്തതിനാലാണ് അവശയായ രോഗിയുമായി എത്തുന്ന വാഹനങ്ങൾ ഇവിടെ നിർത്തിയതെന്ന് രോഗികളുടെ കൂടെയെത്തിയവർ പറഞ്ഞു.
രാവിലെ 8.30നാണ് കാൻസർ ഒ.പി വിഭാഗം തുറക്കുന്നത്. അതിന് മണിക്കൂറുകൾക്ക് മുമ്പേ രോഗികളുമായുള്ള വാഹനങ്ങൾ എത്തിത്തുടങ്ങും. അവശരായ രോഗികൾക്ക് ഇരിക്കുവാനോ വിശ്രമിക്കുവാനോ സ്ഥലസൗകര്യം ഇല്ലാത്തതിനാലാണ് വാഹനങ്ങളിൽ തന്നെ വിശ്രമിക്കുന്നതെന്ന് രോഗികളും പറയുന്നു. ഒ.പി തുറക്കുന്ന സമയത്ത് രോഗികൾ, കാൻസർ വിഭാഗത്തിലേക്ക് പ്രവേശിച്ചശേഷം വാഹനങ്ങൾ പാർക്കിങ് മൈതാനത്തേക്ക് മാറ്റാമെന്ന് കൂട്ടിരിപ്പുകാർ പറഞ്ഞെങ്കിലും സുരക്ഷ ജീവനക്കാരൻ സമ്മതിച്ചില്ല.
തുടർന്ന് വാഹനങ്ങളുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയും അനധികൃത പാർക്കിങ്ങിന് പൊലീസിൽ പരാതി നൽകുമെന്നും ജീവനക്കാരൻ പറഞ്ഞു. ഇത് തർക്കത്തിന് കാരണമായി. പിന്നീട് സീനിയറായ സുരക്ഷ ജീവനക്കാരെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.