കോട്ടയം: ജില്ലയിൽ സംസ്ഥാന പദ്ധതി വിഹിതം പൂർണമായും ചെലവഴിച്ചത് ഏഴ് ഓഫിസുകൾ. ജലസേചന, ജല അതോറിറ്റി വകുപ്പിനു കീഴിലെ ഓഫിസുകളാണ് അനുവദിച്ച തുക മുഴുവനും ജനുവരി 30 വരെ ചെലവഴിച്ചത്. 75.96 കോടി രൂപയാണ് ചെലവഴിച്ചത്.
മേജർ ഇറിഗേഷൻ കോട്ടയം, മൈനർ ഇറിഗേഷൻ കോട്ടയം, വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ കോട്ടയം, വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ കോട്ടയം, പി.ഡബ്ല്യു.ഡി. ബിൽഡിങ്സ് ആൻഡ് ലോക്കൽ വർക്ക്സ് കോട്ടയം, പി.ഡബ്ല്യു.ഡി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോട്ടയം, വാട്ടർ അതോറിറ്റി കടുത്തുരുത്തി എന്നീ ഓഫിസുകളാണ് പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചത്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മുഴുവൻ സമയ കാർഡിയോളജിസ്റ്റിനെ അനുവദിക്കണമെന്നും വൈകീട്ടത്തെ ഒ.പിയിൽ ഡോക്ടർമാരെ അനുവദിക്കണമെന്നും ജില്ല വികസനസമിതി യോഗത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു.
കിഫ്ബി മുഖേന തുകയനുവദിച്ച കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമുഴി റോഡ് അറ്റകുറ്റപ്പണിക്ക് അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരി നഗരസഭയിലെ പച്ചക്കറി ചന്തക്ക് സമീപം ആയുർവേദ ആശുപത്രിക്കായി സ്ഥലം പൂർണമായി വിട്ടുനിൽകാൻ നഗരസഭ യോഗം കൂടി തീരുമാനമെടുക്കുമെന്നു അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയെ യോഗം അറിയിച്ചു.
എറണാകുളം അടക്കം അയൽ ജില്ലകളിൽ ലഭ്യമായിത്തുടങ്ങിയ സിറ്റി ഗ്യാസ് പദ്ധതി ജില്ലയിലും നടപ്പാക്കണമെന്നു തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിന് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ, ജോസ് കെ. മാണി എം.പിയുടെ പ്രതിനിധി ജെയ്സൺ മാന്തോട്ടം, ഡെപ്യൂട്ടി കലക്ടർ അനിൽ കെ. ഉമ്മൻ, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.