കോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽ കിഫ്ബി പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ചൊവ്വാഴ്ച മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉടൻ നിർമാണം തുടങ്ങിവെക്കാനാണ് ആലോചന. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ പിന്നെ പണി നടക്കില്ല. നടപടിക്രമങ്ങൾ വൈകുന്നതാണ് കെട്ടിടം പണി ആരംഭിക്കാൻ തടസ്സമാവുന്നത്.
കിഫ്ബി പദ്ധതിയിൽ ആശുപത്രിയിൽ പത്തുനില കെട്ടിടമാണ് പണിയുന്നത്. ആദ്യഘട്ടമായി 129 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിനായി പഴയ വാർഡുകളടക്കം പൊളിച്ചുകളഞ്ഞു. മരങ്ങൾ അടുത്തിടെ മുറിച്ചുനീക്കി. മണ്ണിന്റെ കാര്യത്തിൽകൂടി തീരുമാനമായാലേ പണി നടക്കൂ. കെട്ടിടം പണിയാൻ കുഴിക്കുമ്പോൾ എടുക്കുന്ന മണ്ണ് എന്തുചെയ്യണമെന്നത് സംബന്ധിച്ച് പല അഭിപ്രായങ്ങൾ ഉണ്ട്. നേരത്തെ ആലപ്പുഴക്ക് കൊണ്ടുപോവാനായിരുന്നു ധാരണ.
എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇടപെട്ട് അതുവെട്ടി. മണ്ണ് പ്രാദേശികമായി നൽകി പണി തുടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും ഫയലുകൾക്ക് അനക്കം വെച്ചില്ല. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ ആശുപത്രി മിനി മെഡിക്കൽ കോളജ് നിലവാരത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. എന്നാൽ, 2018 ൽ പ്രഖ്യാപിച്ച പദ്ധതിക്ക് കല്ലിടാൻ പോലും ആയിട്ടില്ല.
കെട്ടിടനിർമാണം വൈകുന്നതോടെ സാധാരണക്കാരായ രോഗികളാണ് ദുരിതത്തിലായത്. ബദൽ സൗകര്യമൊരുക്കാതെയാണ് വാർഡുകൾ പൊളിച്ചുമാറ്റിയത്. മൂന്നാം വാർഡ് മാത്രമാണ് ജനറൽ വിഭാഗത്തിനായുള്ളത്. അഞ്ചാംവാർഡ് പ്ലാസ്റ്ററിങ് അടർന്നുവീണതിനെ തുടർന്ന് പൂട്ടിക്കിടക്കുന്നു.
ശസ്ത്രക്രിയ വിഭാഗത്തിൽ മൂന്ന് ഡോക്ടർമാർ വേണ്ടിടത്ത് ആകെയുള്ളത് ഒരാളാണ്. ഈ ഡോക്ടർ അവധിയെടുത്താൽ രോഗികളെ നോക്കാൻ ആളില്ല.
കാഷ്വാലിറ്റിയിൽ ആറുപേർ വേണ്ടിടത്ത് അഞ്ചുപേരെ ഉള്ളൂ. ജനറൽ ഒപിയിലും മെഡിസിൻ ഒ.പിയിലും ഡോക്ടർമാർ കുറവാണ്. നാല് ആംബുലൻസ് വേണ്ടിടത്ത് ആകെയുള്ളത് രണ്ടെണ്ണം മാത്രം. അത്യാസന്ന നിലയിലുള്ള രോഗികളെ മെഡിക്കൽ കോളജിലെത്തിക്കണമെങ്കിൽ കൂടുതൽ പണം മുടക്കി പുറത്തുനിന്ന് ആംബുലൻസ് വിളിക്കണം. ആശുപത്രിയിൽ നേത്ര ശസ്ത്രക്രിയ മുടങ്ങിയിട്ടു നാലുമാസം പിന്നിട്ടു.
പുതിയ കെട്ടിടം പണിയാൻ നേത്രവിഭാഗം ശസ്ത്രക്രിയ തിയറ്റർ ബദൽ സൗകര്യമൊരുക്കാതെ പൊളിച്ചുകളഞ്ഞിരുന്നു. നവംബറിൽ സജ്ജമാവുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ജനുവരി ആയിട്ടും സജ്ജമായില്ല. രോഗികളെ കൊണ്ടുപോകാനുള്ള ബഗ്ഗി കാറുകളിലൊന്ന് കട്ടപ്പുറത്താണ്. ആശുപത്രിയെക്കുറിച്ച് രോഗികൾക്ക് പരാതികൾ ഏറെയാണ്. എന്നാൽ, അധികൃതർ ഒന്നും കണ്ട മട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.